വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി വേലക്കാരി ആഭരണങ്ങള്‍ കവര്‍ന്നു
ചാവക്കാട് : തമിഴ്നാട് സ്വദേശിനിയായ വേലക്കാരി വീട്ടുകാര്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചാവക്കാട് നഗരത്തില്‍ പച്ചക്കറിക്കട നടത്തുന്ന പുന്ന സ്വദേശി വൈശ്യം വീട്ടില്‍ ബീരാവു മകന്‍ അഷറഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മാതാവ് നബീസ (67)യുടെ മാലയും വളകളുമാണ് കവര്‍ന്നത്.
ബുധനാഴ്ച്ച പുലര്‍ച്ചയാണ് സംഭവം. നോമ്പ് കാലമായതിനാല്‍ അത്താഴത്തിനു വേണ്ടി എണീറ്റ വീട്ടുകാര്‍ക്ക് നല്‍കിയ ചായയിലാണ് മയക്കുമരുന്ന് കലര്‍ത്തിയത്. അഷറഫും ഭാര്യയും ഉമ്മയുമാണ് വീട്ടില്‍ താമസം. വേലക്കാരി നിര്‍ബന്ധപൂര്‍വ്വം ചായ നല്‍കുകയായിരുന്നു. എന്നാല്‍ അഷറഫ് ചായ കുടിച്ചില്ല. ചായകുടിച്ച നബീസയും അഷറഫിന്റെ ഭാര്യ സാബിറ(38)യും മയക്കത്തില്‍ പെട്ടു. തനിച്ച് കിടന്നിരുന്ന നബീസയുടെ ആഭരണങ്ങള്‍ മാത്രമാണ് കവര്‍ന്നത്. അഷറഫ് ചായ കുടിച്ചിട്ടില്ലാതിരുന്നതിനാല്‍ അഷറഫും ഭാര്യയും കിടന്നിരുന്ന മുറിയില്‍ പ്രവേശിക്കാതെ വേലക്കാരി രക്ഷപ്പെടുകയായിരുന്നു.
രാവിലെ ഉണര്‍ന്ന അഷറഫ് ബോധരഹിതരായി മയങ്ങുന്ന ഭാര്യയേയും മാതാവിനെയുമാണ് കണ്ടത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടുതല്‍ അളവില്‍ മയക്കുമരുന്ന് അകത്ത് ചെന്ന തിനെ തുടര്‍ന്ന് ഐ സി യു വില്‍ പ്രവേശിപ്പിച്ച നബീസയെ പിന്നീട് റൂമിലേക്ക് മാറ്റി.
മൂന്നു ദിവസം മുന്‍പാണ് ലക്ഷ്മി എന്ന് പരിചയപ്പെടുത്തിയ സ്ത്രീയെ ഇവിടെ ജോലിക്ക് നിര്‍ത്തിയത്. കുറെ കാലമായി പുന്നയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന മുരുകന്‍ എന്ന തമിഴ്നാട് സ്വദേശിയാണ് നാല്പത്തിയഞ്ച് വയസ്സ് പ്രായം തോനിക്കുന്ന സ്ത്രീയെ അഷറഫിന്റെ വീട്ടില്‍ എത്തിച്ചത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് മുരുകനെ ചോദ്യം ചെയ്തെങ്കിലും അവരെ കുറിച്ച് കൂട്ടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മുരുകനും കഴിഞ്ഞില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി ചാവക്കാട് എസ് ഐ രമേശ് പറഞ്ഞു.
Comments are closed.