ഷാര്‍ജ : ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസ്സീവിന്റെ നേതൃത്വത്തില്‍ പി വി മനാഫ് ചരമവാര്‍ഷികവും, വര്‍ഗ്ഗീയ വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു.
ഷാര്‍ജ മലബാര്‍ റീജന്‍സി ഹാളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം യുഎഇയിലെ പ്രമുഖ സഹൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ ബഷീര്‍ തിക്കോടി ഉത്ഘാടനം ചെയ്തു.
നവോഥാന പ്രസ്ഥാനങ്ങളും, നവോഥാന നായകരും നിരന്തരം നടത്തിയ ഇടപെടലുകളിലൂടെയും, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത നമ്മുടെ സാമൂഹിക പുരോഗതിയും മൂല്യങ്ങളും തകര്‍ക്കും വിധം സമൂഹത്തെ പിന്നോട്ട് നയിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും,ഇ ന്ത്യന്‍ ജനാധിപത്യത്തെയും, മതേതരത്വത്തെയും ഉന്മൂലനം ചെയ്യാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ നീക്കത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രോഗ്രസ്സീവ് സെന്‍ട്രല്‍ കമ്മറ്റി അംഗവും, ദുബൈ ഘടകം പ്രസിഡറണ്ടുമായിരുന്ന മനാഫിന്‍റെ ഒന്നാം ചരമ വാര്‍ഷികമായിരുന്നു ജൂലൈ-20. മനാഫിനെകുറിച്ച് യുസഫ് കാട്ടിലകത്ത്‌ തയ്യാറാകിയ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും ഉണ്ടായി.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധം രേഖപെടുത്തിക്കൊണ്ടാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. പ്രതിഷേധ പ്രമേയം പ്രോഗ്രസ്സീവ് സെന്‍ട്രല്‍ കമ്മറ്റിയംഗം ഷിഹാദ് അവതരിപ്പിച്ചു. ദുബൈ കമ്മറ്റി സെക്രട്ടറി ജിബിന്‍ വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സെന്‍ട്രല്‍ സെക്രട്ടറി സൈഫുദ്ധീൻ സ്വാഗതവും ദുബൈ പ്രസിഡണ്ട്‌ റാഫി ചാലില്‍ നന്ദിയും രേഖപെടുത്തി.