ഉത്സവഛായയിൽ മണത്തല ശിവക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷിച്ചു
ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് ഉത്സവ പ്രതീതി ഉണർത്തി ഗംഭീരമായി ആഘോഷിച്ചു. ദേശവിളക്ക് ദിനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിന് ക്ഷേത്രം മേൽശാന്തി എം. കെ ശിവാനന്ദന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും രാവിലെ ഒമ്പതിന് ആനയൂട്ടും നടന്നു.
വൈകിട്ട് 6. 30ന് തിരുവത്ര ഗ്രാമകുളം ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്നും തങ്കരഥം, ഉടുക്കുപാട്ട്, കാവടികൾ, നാഗസ്വരം, പഞ്ചവാദ്യം, നാടൻ കലാരൂപങ്ങൾ, ഗജവീരന്മാർ എന്നിവയുടെ അകമ്പടിയോടെ താലവും പാലക്കൊമ്പ് എഴുന്നള്ളിപ്പും പുറപ്പെട്ടു.
എഴുന്നെള്ളിപ്പ് കാണാൻ റോഡിനിരുവശവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ നിറഞ്ഞിരുന്നു.
രാത്രി ഒമ്പതിന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ക്ഷേത്രത്തിൽ വൈകിട്ട് 6.30ന് ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാന മേള അരങ്ങേറി. ഇന്ന് പുലർച്ചെ രണ്ടിന് ഉടുക്കുപാട്ട് , തിരി ഉഴിച്ചിൽ, പാൽ കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം വെട്ടും തടയും എന്നിവയോടുകൂടി ദേശവിളക്ക് മഹോത്സവം സമാപിച്ചു.
Comments are closed.