ചാവക്കാട്:  തീര സംരക്ഷണ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ പൊളിച്ച് പണിയാന്‍  അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തടസം പറഞ്ഞ് ഉദ്യോസ്ഥര്‍ നടപടി താമസിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചാവക്കാട്  ബ്ളോക്ക്  പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ആര്‍.ഇസെഡ് മേഖലയില്‍ നിശ്ചിത പരിധിക്കുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വീട പൊളിച്ച് പണിയുന്നതിനുള്ള അനുമതി സര്‍ക്കാര്‍   നിഷേധിച്ചിട്ടില്ല. എന്നാല്‍ അപേക്ഷകള്‍ ശരിയായി പരിശോധിക്കാതെ അവ നേരെ തിരുവനന്തപുരത്തെ തീരപരിപാലന ബോര്‍ഡിലേക്കയക്കുന്നത് പതിവാക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഇത് കാരണം വീട് പൊളിച്ച് അപേക്ഷ നല്‍കിയവര്‍ മാസങ്ങള്‍ കാത്തിരുന്ന് പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.