mehandi new

എം എൽ എ യുടെ നിവേദനം – ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി

fairy tale

ചാവക്കാട് : നൂറ്റാണ്ടുകൾ പഴക്കമുള്ള
ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.
135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കാലപ്പഴക്കം വന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോടതിക്ക് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനും കത്ത് നൽകിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കേരള ഹൈക്കോടതിയുടെ കീഴിൽ നേരിട്ട് സ്വന്തം ഉടമസ്ഥതയിൽ നാല് ഏക്കർ സ്ഥലത്താണ് നിലവിൽ ചാവക്കാട് കോടതി സ്ഥിതി ചെയ്യുന്നത്. കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും, ഒരു മുൻസിഫ് കോടതിയും, ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളെല്ലാം കാലപഴക്കം സംഭവിച്ചവയുമാണ്.

ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി.
ചാവക്കാട് താലൂക്കിലെ മുഴുവൻ വില്ലേജുകളും കുന്നംകുളം താലൂക്കിലെ പതിനൊന്നു വില്ലേജുകളും ഉൾപ്പെടുന്ന മലപ്പുറം ജില്ല അതിർത്തി വരെ ചാവക്കാട് കോടതിയുടെ അധികാരപരിധി നീണ്ടുകിടക്കുന്നു. ഗുരുവായൂർ ഉൾപ്പെടെ അഞ്ച് പോലീസ് സ്റ്റേഷനുകളും ചാവക്കാട് കോടതിയുടെ പരിധിക്കകത്തുണ്ട്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന കോടതിയാണ് ചാവക്കാട് സിവിൽ കോടതി. കൂടാതെ ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതും ഈ കോടതിയിലാണ്. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നതും ഈ കോടതിയിലാണ്.
എന്നാൽ ഈ രണ്ടു കോടതികളും തൃശ്ശൂരിൽ ആയതിനാൽ പല കേസുകളും തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.
പണമിടപാട് സംബന്ധിച്ച കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നത് ചാവക്കാട് പ്രദേശത്ത് നിന്നുമാണ്.

കേസുകൾ കൂടുതലായതിനാൽ തന്നെ അതിനനുസരിച്ചുള്ള അപ്പീലുകൾ ഫയൽ ചെയ്യുന്നത് തൃശ്ശൂർ കോടതിയിലാണ്. അതുകൊണ്ടുതന്നെ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും അപ്പീലുകളും തീർപ്പാക്കാൻ പൊതുജനം 35 കിലോമീറ്റർ ദൂരമുള്ള തൃശ്ശൂർ കോടതിയെയാണ് ആശ്രയിക്കുന്നത്. പുതിയ കോടതി കെട്ടിടം നിർമ്മിക്കുന്നതോടെ മേൽപറഞ്ഞ കോടതികളെല്ലാം ചാവക്കാട് സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അത് പോലെ തന്നെ കേരളത്തിലെ ട്രിബ്യൂണലുകൾ എറണാകുളത്തും, തിരുവനന്തപുരത്തും മാത്രമാണ് ഉള്ളത് സെക്യൂരിറ്റിസേഷൻ (DRT),
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, വഖ്ഫ് ട്രിബ്യൂണൽ, എൽഎസ്ജിഡി ട്രിബ്യൂണൽ തുടങ്ങിയവ തീർപ്പാക്കുന്നതിന് വടക്കൻ കേരളത്തിലെ ജില്ലകൾ ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ രണ്ട് ജില്ലകളെയാണ്. ചാവക്കാട് മുൻസിഫ് കോടതിക്ക് പുതിയ കെട്ടിടം യാഥാർത്ഥമാകുന്നതോടെ ട്രിബ്യൂണലുകളുടെ പ്രവർത്തനം ആരംഭിക്കുവാനും സാധിക്കും. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ഇത്തരം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയൊരു യാത്രാസൗകര്യം ലഭ്യമാകും. അതിനുള്ള സ്ഥലസൗകര്യവും ചാവക്കാട് കോടതി അങ്കണത്തിലുണ്ട്.

Royal footwear

Comments are closed.