mehandi new

ഡി വൈ എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം – പുന്ന നൗഷാദ് വധക്കേസിലെ പ്രതി ഉൾപ്പെടെ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും

fairy tale

ചാവക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ മുബിന്‍ (23), എടക്കഴിയൂര്‍ നാലാം കല്ലില്‍ താമസിക്കുന്ന പുളിക്ക വീട്ടില്‍ സിദ്ദിഖ് മകന്‍ നസീര്‍ (26) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി 9 കൊല്ലം കഠിന തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന എടക്കഴിയൂര്‍ നാലാംകല്ലില്‍ കറുപ്പം വീട്ടില്‍ ഹനീഫ മകന്‍ ബിലാലിനെ (18 ) ആക്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി മുബിന്‍, രണ്ടാംപ്രതി ഷാഫി, മൂന്നാം പ്രതി നസീര്‍ എന്നിവര്‍ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കില്‍ വന്ന് ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ബിലാലും മൂന്നാം പ്രതിയായ നസീറും തമ്മിൽ മുമ്പ് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാല്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആദ്യം ഇരുമ്പ് പൈപ്പ് കൊണ്ട് ബിലാലിന്റെ കാലില്‍ അടിച്ചു വീഴ്ത്തുകയും അടി തടുത്ത് ബിലാല്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ മുബീന്‍ കൈവശം ഉണ്ടായിരുന്ന വാളുകൊണ്ട് ബിലാലിന്റെ വലതു കാല്‍മുട്ടിലും ഇടതുകാലിന്റെ തുടയിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകയായിരുന്നു.

Mss conference ad poster

സംഭവം കണ്ട് ഓടിക്കൂടിയവരെ പ്രതികള്‍ വാള്‍ വീശി വിരട്ടിയോടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്.

കേസിലെ രണ്ടാംപ്രതി ഷാഫി ഒളിവിലാണ്. ഒന്നാം പ്രതി മുബിന്‍ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ ജെ ജോണ്‍സണ്‍, പി അബ്ദുല്‍ മുനീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പിഴ സംഖ്യ മുഴുവന്‍ പരിക്ക് പറ്റിയ ബിലാലിന് നല്‍കാന്‍ വിധിയില്‍ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ ആര്‍. രജിത്കുമാര്‍ ഹാജരായി.

planet fashion

Comments are closed.