എന്റെ നാടിന് എന്റെ കരുതൽ – പുതുപൊന്നാനി ഗവ ഫിഷറീസ് എൽ.പി. സ്‌കൂൾ വിദ്യാർഥികളുടെ വീട്ടുമുറ്റത്ത് നൂറോളം തൈകൾ വളരുന്നു
പുതുപൊന്നാനി: വിദ്യാർഥികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ അവരുടെതന്നെ പരിപാലനത്തിൽ വീട്ടുമുറ്റത്ത് വളരുകയാണ്. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ് മറ്റുവിദ്യാലയങ്ങൾക്ക് മാതൃകയാവുന്ന പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമായിരിക്കുന്നത്. 2021 ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടിരുന്നതിനാൽ കുട്ടികളിൽ പ്രകൃതിസംരക്ഷണവും പരിസ്ഥിതിബോധവും വളർത്തിയെടുക്കന്നതിനായി തയ്യാറാക്കിയ ‘എന്റെ നാടിന് എന്റെ കരുതൽ’ പദ്ധതിയുടെ ഭാഗമായി പ്രാദേശികമായി ശേഖരിക്കുന്ന വൃക്ഷതൈകൾ വീട്ടുമുറ്റത്ത് നടുകയും പരിപാലിക്കുകയും ചെയ്യാൻ അധ്യാപകർ നിർദേശം നൽകുകയായിരുന്നു.
പ്രീപ്രൈമറി മുതൽ അഞ്ചുവരെയുള്ള 171 വിദ്യാർഥികൾക്കും നിർദേശം കൈമാറി. തുടർന്ന് സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ് അധ്യാപകർ എല്ലാമാസവും അഞ്ചാം തീയതിയിൽ പരിസ്ഥിതിദിനത്തിൽ നട്ടുപിടിപ്പിച്ച തൈകളുടെ വളർച്ചസംബന്ധിച്ച വിവരങ്ങൾ ചിത്രസഹിതം വിദ്യാർഥികളിൽനിന്ന് വാട്സ്ആപ്പ് വഴി ശേഖരിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകിവരികയും ചെയ്യുന്നു.
2021 ജൂൺ അഞ്ചിൽനിന്ന് 2022 ജൂൺ അഞ്ചിലേക്ക് എത്തുമ്പോൾ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികളുടെ നൂറോളം വീട്ടുമുറ്റത്ത് വിവിധയിനങ്ങളിൽപ്പെട്ട തണൽ മരങ്ങളുടെ തൈകൾ മുതൽ ഫലവൃക്ഷതൈകൾ വരെ വളരുന്നുണ്ട്. ഒരുവർഷക്കാലം തൈകൾ നട്ടുപരിപാലിച്ച വിദ്യാർഥികളെ സ്‌കൂളിൽ നടക്കുന്ന പരിസ്ഥിതിദിനാചരണ പരിപാടിയിൽ അനുമോദിച്ചു.
ഫോട്ടോ : – വിദ്യാർഥി മുഹമ്മദ് ഫർഹാൻ വീട്ടുമുറ്റത്തെ മാവിൻതൈ വെള്ളമൊഴിച്ചു പരിപാലിക്കുന്നു
Comments are closed.