ചാവക്കാട്: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലകാര്യങ്ങളിലും കേരളം മുന്നിട്ടു നില്‍ക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രവാസികളോഴുക്കിയ വിയര്‍പ്പാണെന്ന തര്‍ക്കമില്ലെന്ന് എഴുത്തുകാരനും ഗാന രചയിതാവുമായ റഫീഖ് അഹമദ് പറഞ്ഞു. ”നമ്മള്‍ ചാവക്കാട്ടുകാര്‍‍” എന്ന പേരിലുള്ള കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടി അര നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും രാജ്യം പല മേഖലകളിലും ഇന്നും പിന്നോക്കം നില്‍ക്കുന്നത് എന്തുകൊണ്ടെന്നു ചിന്തിക്കണമെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. നാടിന്റെ വികസനം സര്‍ക്കാരുകളുടെ മാത്രം ഉത്തരവാദിത്തമല്ല എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. പ്രവാസികളും പ്രവാസികളായിരുന്നവരുമായ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ ”നമ്മള്‍ ചാവക്കാട്ടുകാര്‍”ക്ക് നാടിന്റെ വികസനത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. കൂട്ടായ്മയുടെ ആദ്യത്തെ പ്രവര്‍ത്തനമായ നഗരത്തിലെ ചേറ്റുവ റോഡിലെ കച്ചേരി കിണറിന്റെ പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ നിര്‍വ്വഹിച്ചു. കെ.വി. അബ്ദുള്‍ കാദര്‍ എം.എല്‍.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
എം.കെ.നൗഷാദലി, പി.കെ.അബ്ദുള്‍ കലാം, പി.കെ.അബൂബക്കര്‍ ഹാജി, ബിന്ദു ഗൗരി, ഡോ. മധുസുദനന്‍, മുഹമ്മദ് അക്ബര്‍, വി.ടി.അബൂബക്കര്‍, രഞ്ജിത്ത്, ഫിറോസ് പി തൈപറമ്പില്‍, കെ.കെ കാര്‍ത്ത്യായനി തുടങ്ങിയവര്‍ പ്രസംഗിച്ചു.