ചാവക്കാട് :ദേശീയപാത 45 മീറ്റർ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്‌ നടപടികൾ പൂർണ്ണമായും നിർത്തിവെക്കണമെന്ന് ദേശീയപാത കർമ്മ സമിതി ഉത്തര മേഖല കമ്മിറ്റി അടിയന്തിര യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് രാജ്യം നേരിട്ടത്‌. നൂറു കണക്കിനാളുകൾ മരിക്കുകയും പതിനായിരങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളാവുകയും കോടികളുടെ നഷ്ടവുമാണ് സംഭവിച്ചിട്ടുള്ളത്‌. പതിനായിരങ്ങൾ ഇന്നും ക്യാമ്പുകളിൽ കഴിയുമ്പോൾ സ്വന്തം വീടുകളിൽ അന്തിയുറങ്ങുന്നവരെ വികസനത്തിന്റെ പേരിൽ ഇനിയും കുടിയിറക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം പൈശാചികവും മനുഷ്യത്വത്തോടുള്ള ക്രൂരതയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നവകേരള സൃഷ്ടിപ്പില്‍പരിസ്ഥിതി സൗഹൃദ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പരിസ്ഥിതിതിയേയും മനുഷരേയും ദ്രോഹിക്കാത്ത വിധം മുപ്പത്‌ മീറ്ററിൽ ദേശീയപാത നിര്‍മിക്കാന്‍ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
എടക്കഴിയൂർ സിങ്കപ്പൂർ മിനി ഹാളിൽ വെച്ചു ചേർന്ന യോഗം ഇ വി മുഹമ്മദലി ഉത്ഘാടനം ചെയ്തു. വി സിദ്ധീക്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ കെ ഹംസകുട്ടി മുഖ്യപ്രഭാഷണം നടത്തി. അനുഭവങ്ങളിൽ നിന്നും അധികാരികൾ പഠം പഠിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. സി ഷറഫുദ്ദീൻ പ്രമേയം അവതരിപ്പിച്ചു. ഉസ്മാൻ അണ്ടത്തോട്‌, വാക്കയിൽ രാധാകൃഷ്ണൻ, അബ്ദുള്ള ഹാജി, പി.എം.ഷംസു, കെ വി മുഹമ്മദുണ്ണി. റ്റി പി ഷംസു, പട്ടാളം കമറു, അബ്ദു
കോട്ടപ്പുറം, പി കെ.നൂറുദ്ധീൻ ഹാജി, വേലായുധൻ തിരുവത്ര, സഫിയ ടീച്ചർ
എന്നിവർ സംസാരിച്ചു.