mehandi banner desktop
Chavakkad online

സൈബർ ചതിക്കുഴികളെ തിരിച്ചറിയാൻ എൻ.സി.സി കേഡറ്റുകൾ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ കാര്യാലയം സന്ദർശിച്ചു

Ft

തൃശ്ശൂർ: കലാലയങ്ങളിൽ വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും ദുരുപയോഗവും സംബന്ധിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ഡിവിഷൻ എൻ.സി.സി കേഡറ്റുകൾ തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയവും സൈബർ സെല്ലും സന്ദർശിച്ചു. 24 കേരള ബറ്റാലിയൻ എൻ.സി.സിക്ക് കീഴിലുള്ള 50 കേഡറ്റുകളാണ് (ബോയ്സ് ആൻഡ് ഗേൾസ്) പഠനത്തിന്റെ ഭാഗമായി സന്ദർശനം നടത്തിയത്.​തൃശ്ശൂർ ജില്ലാ സൈബർ സെൽ ഇൻ-ചാർജ് സബ് ഇൻസ്പെക്ടർ സി.ഡി. ഫീസ്റ്റോയുടെ നേതൃത്വത്തിലുള്ള സംഘം സൈബർ തട്ടിപ്പുകളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ് നൽകി. തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ സൂരജ് തന്റെ സർവ്വീസ് അനുഭവങ്ങളിലൂടെ യുവജനങ്ങൾ നേരിടുന്ന സൈബർ കുരുക്കുകൾ ഉദാഹരണസഹിതം വിശദീകരിച്ചു.​ജില്ലയിലെ ഗതാഗത പോലീസ് ക്യാമറ നിരീക്ഷണ കേന്ദ്രങ്ങളെക്കുറിച്ചും സൈബർ തട്ടിപ്പുകളിൽ പെട്ടാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചും, പ്രതിരോധത്തിനുള്ള സർക്കാർ ആപ്പ് സംവിധാനങ്ങളെക്കുറിച്ചും വിഷ്വൽ മീഡിയയിലൂടെ നടത്തിയ അവതരണം കേഡറ്റുകൾക്ക് പുതിയ അറിവുകൾ പകർന്നു.​കമ്മീഷണർ ഓഫീസിൽ എത്തിയ കേഡറ്റുകളെ മധുരം നൽകിയാണ് പോലീസ് അധികാരികൾ സ്വീകരിച്ചത്. തുടർന്ന് കമ്മീഷണർ ഓഫീസിന് മുന്നിൽ നടന്ന ദേശീയ സൈബർ സുരക്ഷാ സെമിനാറിൽ, തങ്ങൾ മനസ്സിലാക്കിയ സൈബർ അപകടങ്ങളെക്കുറിച്ച് സഹപാഠികൾക്ക് ബോധവൽക്കരണം നൽകുമെന്ന് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സന്ദർശനത്തിന് മേജർ പി.ജെ. സ്റ്റൈജു നേതൃത്വം നൽകി.

Jan oushadi

Comments are closed.