Header

ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്ന് എ ൻ കെ അക്ബർ എം എൽ എ – പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു രണ്ട് കോടി അനുവദിക്കണം

ചാവക്കാട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്നു ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പദ്ധതിയുടെ പല ഘടകങ്ങളും വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിക്കപ്പെട്ടവയാണ്. ആയതിനാല്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ടെന്ന് നിയമസഭയിൽ എൻ. കെ. അക്ബർ സബ്‌മിഷൻ അവതരിപ്പിച്ചു.

ഈ പദ്ധതിയുടെ പ്രധാന പമ്പ്ഹൌസില്‍ നിന്നും സീവെജ് ശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയുന്ന 250 എംഎം സിഐ പമ്പിങ് മെയിന്‍ കമ്മീഷന്‍ ചെയ്തതിനു ശേഷം ആറു തവണ പൊട്ടിയിരുന്നു. സിഐ ക്ലാസ് എൽഎ പൈപ്പാണ് പമ്പിങ് മെയിന്‍ ആയി ഉപയോഗിക്കുന്നത്. ഇടക്കിടക്ക് പമ്പിങ് മെയിന്‍ പൊട്ടുന്നത് കാരണം ആധുനിക രീതിയില്‍ പണി തീര്‍ത്ത റോഡുകള്‍ പലയിടങ്ങളിലും പൊളിക്കേണ്ടി വരുന്നു. ഇത് മൂലം പൊതുജനങ്ങളുടെ എതിര്‍പ്പ് പദ്ധതിക്കു നേരിടേണ്ടി വരുന്നുണ്ട്. ആയതിനാല്‍ 1800 മീറ്റര്‍ നീളത്തിലുള്ള പമ്പിങ് മെയിന്‍ മാറ്റിസ്ഥാപിക്കുന്നത് അത്യവിശ്യമാണ്. ഇതിനായി സ്റ്റേറ്റ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അതിനു അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.

നിലവില്‍ ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതു ഗുരുവായൂര്‍ സബ്ഡിവിഷന് കീഴിലുള്ള സെക്ഷനാണ്. നിലവിലുള്ള മെയിന്‍റൈന്‍സ് വിഭാഗത്തില്‍ ഇപ്പോള്‍ തന്നെ ജോലി ഭാരം ഉള്ളതിനാല്‍ സീവേജ് പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഒരു സെക്ഷന്‍ ഓഫീസ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൂടെ സ്വീകരികണമെന്നും സബ്‌മിഷനിലൂടെ അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ പതിനാറിന് ജലവിഭവ വകുപ്പ് മന്ത്രി റോഷൻ അഗസ്റ്റിനാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. തൃശൂർ ജില്ലയിലെ ആദ്യ സംസ്കരണ പ്ലാന്റ് എന്ന സവിശേഷതയും ഗുരുവായൂർ ചക്കംകണ്ടം മാലിന്യ സംസ്കരണ പ്ലാന്റിനുണ്ട്.
മൂന്ന് ദശലക്ഷം ലിറ്റർ ശേഷിയുള്ള മാലിന്യ സംസ്കരണ ശാലയാണ് ചക്കംകണ്ടത്ത് സ്ഥാപിച്ചിട്ടുള്ളത്. വളരെ കുറഞ്ഞ മാലിന്യം മാത്രമാണ് ഇപ്പോൾ പ്ലാന്റിൽ എത്തുന്നത്. ഗുരുവായൂർ ദേവസ്വം ഗസ്റ്റ് ഹൗസ്, പാർക്കിങ് സമുച്ഛയം, നഗരസഭയുടെ ശൗചാലയങ്ങൾ എന്നിവ കണക്ട് ചെയ്തിട്ടുണ്ട്. 150ൽ അധികം ലോഡ്ജുകളും നിരവധി ആപ്പാർട്മെന്റുകളും ഉള്ള ഗുരുവായൂർ നഗരത്തിൽ നിന്നും ഏതാനും കണക്ഷൻ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

1973ല്‍ തുടക്കം കുറിച്ച ഗുരുവായൂര്‍ മാലിന്യ സംസ്‌ക്കരണ പദ്ധതിയ്ക്കായി 4.35 കോടി രൂപയാണ് അന്ന് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. അര നൂറ്റാണ്ട് പിന്നിട്ട് 2022 ൽ ഉദ്ഘാടനം ചെയ്യുമ്പോൾ 13.23കോടി രൂപയിലെത്തി ചിലവ്. അൻപത് വർഷങ്ങൾക്ക് ശേഷം ലോകം സാങ്കേതികമായി വളരെ മുന്നോട്ട് പോയെങ്കിലും ചക്കംകണ്ടം പദ്ധതിക്ക് മാറ്റം ഒന്നും സംഭവിച്ചില്ല. നാടും നഗരവും വളർന്നു കൂടെ മാലിന്യവും. നാടിന്റെ നന്മക്ക് വേണ്ടിയുള്ള എം എൽ എ യുടെ ആവശ്യം മന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

thahani steels

Comments are closed.