Header

ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം

ചാവക്കാട് : ചോദിക്കാനും പറയാനും ആളില്ല. നാട്ടു വഴിയടച്ചും വീടുകളിലേക്കുള്ള വഴികളിൽ മാർഗ്ഗതടസം സൃഷ്ടിച്ചും പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിച്ച് ദേശീയപാതാ നിർമ്മാണം. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ പ്രത്യഘാതങ്ങൾ പരിഗണിക്കാതെയാണ് ദേശീയാപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രാവിലെ ജോലിക്ക് പോയവർ വൈകീട്ട് തിരിച്ചെത്തുമ്പോൾ വീട്ടിലെത്താൻ വഴിയില്ല. വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് വന്മതിലുകൾ ചാടിക്കടന്നു വേണം വീടണയാൻ. ചിലയിടങ്ങളിൽ രാത്രി ഉറങ്ങി എണീറ്റാൽ വീടിനു പുറത്തിറങ്ങാൻ വഴികാണില്ല. നടവഴി പോലുമില്ലാത്ത അവസ്ഥയിലാണ് പല വീട്ടുകാരും. പ്രായമായവരുടെയും കുട്ടികളുടെയും രോഗ ബാധിതരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പാതിരാത്രിയിലെ റോഡ് നിർമ്മാണം.

കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് ആഴ്ചകളായി. കാൽ നാടയാത്രക്കാർക്ക് പോലും ഹൈവെയിൽ നിന്നും ഈ റോട്ടിലേക്ക് പ്രവേശിക്കാൻ സാധ്യമല്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ള ജനം ദുരിതത്തിലാണ്. തൊട്ട് മുന്നിലുള്ള കടകളിൽ നിന്നും എന്തെങ്കിലും വാങ്ങിക്കണമെങ്കിൽ പോലും നൂറുകണക്കിന് മീറ്റർ നടന്നു പുതിയറവഴി വളഞ്ഞു വേണം കോട്ടപ്പുറം എത്താൻ. ദേശീയപാത അധികൃതരാണ് ഹൈവെയിൽ നിന്നും മുനിസിപ്പാലിറ്റി റോഡിലേക്ക് സഞ്ചരപ്പാത നിർമിക്കേണ്ടതെന്ന് പറയുന്നു. എന്നാൽ ജനങ്ങളുടെ ദുരിതത്തിൽ ജനപ്രതിനിധികൾ നോക്ക് കുത്തികളാകുന്ന കാഴ്ചയാണ് കാണുന്നത്. പ്രതികരിക്കാൻ പ്രതിപക്ഷവുമില്ല ഭരണപക്ഷവുമില്ല. പുതിയറയിൽ നിന്ന് പുന്നയിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കാനും വഴി ഒരുക്കിയിട്ടില്ല. ഇരുചക്ര വാഹനങ്ങളിൽ വളരെ സാഹസികമായാണ് ഇതിലൂടെ യാത്ര നടത്തുന്നത്. കുണ്ടും കുഴിയും ചെമ്മണലും നിറഞ്ഞുകിടക്കുന്നിടത്ത് സ്വയം വഴികണ്ടെത്തിവേണം ദേശീയപാതക്കായുണ്ടാക്കിയ കുന്ന് കയറി മുൻസിപ്പൽ റോഡിലേക്ക് പ്രവേശിക്കാൻ. നാട്ടുകാർക്കും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും ആരോഗ്യത്തിനും ഒരു വിലയും കൽപിക്കാതെയാണ് നിലവിൽ ദേശീയപാതാ വികസന പ്രവർത്തികൾ നടക്കുന്നത്.

ദേശീയപാതാ വികസനത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ അന്യരെപോലെ കഴിയേണ്ടിവരികയാണ് നാട്ടുകാർ. ദേശീയപാത നിർമ്മാണകമ്പനിയുടെ ദാർഷ്ട്യത്തിനും ജനപ്രതിനിധികളുടെ നിസംഗതക്കുമെതിരെ രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൊതുജനം.

thahani steels

Comments are closed.