ഏകാദശിയുടെ ആദ്യ ദിനത്തിൽ ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ആദ്യ ദിനത്തിൽ ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. കോവിഡ് മഹാമാരി കാരണം രണ്ടു വർഷം പുറത്തിങ്ങാൻ മടിച്ച ഭക്തർ ഗുരുപവന പുരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഉദയാസ്തമന പൂജയുമുണ്ടായി. ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തിനകത്ത് നടന്ന പഞ്ചാരിമേളത്തോടേയുള്ള കാഴ്ചശീവേലിയ്ക്ക് കൊമ്പന്‍ രാജശേഖരന്‍ സ്വര്‍ണ്ണകോലമേറ്റി. രാത്രി നടന്ന വിളക്കെഴുന്നെള്ളിപ്പിനും ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളിയത്. ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം.
രാവിലെ 10-ന് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തി്‌ന്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പും നടന്നു.
ക്ഷേത്രത്തില്‍ വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍, ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയിലാണ് തെളിഞ്ഞുനിന്നത്. മേളത്തിന്റെ അകമ്പടിയില്‍ അഞ്ചാമത്തെ പ്രദക്ഷിണത്തോടെ രാത്രി വിളക്കെഴുന്നെള്ളിപ്പ് അവസാനിച്ചു.
ഏകാദശിവ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. പ്രസാദ ഊട്ടില്‍ ആയിരങ്ങൾ പങ്കെടുത്തു. തെക്കേനടയിലെ പന്തലിലും, അന്നലക്ഷ്മി ഹാളിലും, ഹാളിനോട് ചേര്‍ന്നുള്ള പന്തലിലുമായി വ്രത വിഭവങ്ങളായ ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായിരുന്നു, ഏകാദശിയുടെ പ്രസാദ ഊട്ട്.
ഉദയാസ്ഥമന പൂജയും, പാര്‍ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പും ഒഴിച്ചുള്ള ഏകാദശി ചടങ്ങുകള്‍ ഞായറഴ്ചയും നടക്കും. ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം തിങ്കളാഴ്ച്ച പുലര്‍ച്ചെ 12-മണിയ്ക്ക് ആരംഭിച്ച, 11-മണിയ്ക്ക് അവസാനിച്ച് ഗോപുര നടയടയ്ക്കും. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തി വൈകീട്ട് നാലരയോടെ തിരുനട തുറക്കും. ഏകാദശി വ്രതം നോറ്റവര്‍ക്കായുള്ള ദ്വാദശി ഊട്ട്തിങ്കളാഴ്ച നല്‍കും. കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്കഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടാകുക. ചൊവ്വാഴ്ച്ച നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവും.
Comments are closed.