Header

ഒരു വയസ്സും എട്ടു മാസവും കുഞ്ഞു ജന്ന ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ

ചാവക്കാട് : ജന്ന ആയത്ത്, ഒരു വയസ്സും എട്ടു മാസവും പ്രായം, ഓർമശക്തിയുടെ മികവിൽ ഇപ്പോൾ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ. ആയത്ത് എന്ന അറബി പദത്തിന് ദൃഷ്ടാന്തം എന്നർത്ഥം. ചാവക്കാട് പാലയൂർ സ്വദേശി വലിയകത്ത് സഫീറയുടെ മകളാണ് കൊച്ചു ജന്ന ആയത്ത്. വടക്കാഞ്ചേരി ചേലക്കര സ്വദേശി ഷാനിലാണ് ജന്നയുടെ പിതാവ്. വിവിധ ഗണത്തിൽ പെട്ട എഴുപത്തിയൊന്ന് ഇനം സാധനങ്ങൾ പേര് പറയുമ്പോൾ തൊട്ട് കാണിച്ചാണ് ജന്ന ആയത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ താളുകളിൽ ഇടം പിടിച്ചത്.

സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത ജന്ന ആയത്ത് താൻ കണ്ട സാധനങ്ങളുടെ പേരും രൂപവും ഓർമയിൽ സൂക്ഷിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സഫീറ, ജന്നയെ പരിശീലിപ്പിക്കുകയായിരുന്നു.
പാലയൂർ വലിയകത്ത് ഉസ്മാൻ നസീമ ദമ്പതികളുടെ മകളാണ് സഫീറ. റോയൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും ബിരുദം കഴിഞ്ഞ് സ്വകാര്യ സ്‌കൂളുകളിൽ സ്കിൽ ഡെവലപ്പ്മെന്റ് അധ്യാപികയായി പ്രവർത്തിച്ച പരിചയമുണ്ട് സഫീറക്ക്.
ഒരിക്കൽ വാച്ചും പേനയും ജന്നയെ കാണിച്ച് പേരുകൾ പറഞ്ഞു കൊടുത്തിരുന്നു. പിന്നീടൊരിക്കൽ വാച്ചും പേനയും എവിടെ എന്ന ചോദ്യത്തിന് കൃത്യമായി സാധനങ്ങൾ തൊട്ട് കാണിച്ചപ്പോഴാണ് മകളുടെ കഴിവ് സഫീറ തിരിച്ചറിഞ്ഞത്.

രണ്ടു ദിവസം പരിശീലനം നൽകുമ്പോഴേക്കും നിരവധി സാധനങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ജന്ന സ്വായത്തമാക്കി . ഖത്തറിൽ പ്രോക്യൂമെന്റ് ഓഫീസറായി ജോലിചെയ്യുന്ന ജന്നയുടെ പിതാവ് ഷനിലിന്റെ നിർദേശപ്രകാരമാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സുമായി സഫീറ ബന്ധപ്പെടുന്നത്.
ആറാം മാസത്തിൽ തന്നെ ജന്നയിൽ ചില പ്രത്യേകതകളൊക്കെ കണ്ടിരുന്നു. പുസ്തകങ്ങളോടൊക്കെ നല്ല താത്പര്യം കാണിച്ചിരുന്ന ജന്നക്ക് ആ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പുസ്തകങ്ങൾ ഓൺലൈനായി വരുത്തി നൽകിയിരുന്നു.

മൃഗങ്ങൾ, പ്രാണികൾ, പക്ഷികൾ, പച്ചക്കറി വർഗ്ഗങ്ങൾ, പഴങ്ങൾ, ചിത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ശാരീരികാവയവങ്ങൾ, പാത്രങ്ങൾ തുടങ്ങിയ എഴുപതിയൊന്നു ഇനങ്ങളാണ് ഒരു വയസ്സും എട്ടുമാസവും മാത്രം പ്രായമുള്ള ജന്ന ആയത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിന് വേണ്ടി തിരിച്ചറിഞ്ഞത്. പേര് പറയുമ്പോൾ അത് തിരിച്ചറിഞ്ഞു തൊട്ട് കാണിച്ചു നൽകിയാണ് തന്റെ ഓർമശക്തിയും തിരിച്ചറിയാനുള്ള കഴിവും ജന്ന ആയത് പ്രകടമാക്കിയത്.

ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ നിന്നുള്ള സന്തോഷ വാർത്ത വീട്ടിലെത്തിയത്. മകളുടെ ഈ നേട്ടം പെരുന്നാളിന് ഇരട്ടി മധുരമായെന്ന് സഫീറ. എല്ലാ കുഞ്ഞുങ്ങളിലും ഇത്തരം കഴിവുകളുണ്ടെന്നും ശ്രമിച്ചാൽ വളർത്തിയെടുക്കാൻ സാധിക്കുമെന്നുമാണ് ഒരു മോട്ടിവേറ്റർ കൂടിയായ സഫീറയുടെ അഭിപ്രായം.

Video on facebook
https://fb.watch/kntEb2j3-V/?mibextid=Nif5oz

Video on instagram
https://www.instagram.com/reel/Cr8fjBzLbvS/?igshid=ZWIzMWE5ZmU3Zg==

thahani steels

Comments are closed.