mehandi new

താനൂർ ബോട്ടപ്പകടം മരണം 21 – നാളെ ഔദ്യോഗിക ദു:ഖാചരണം ; സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു

fairy tale

താനൂർ : ഒട്ടുംപുറം തൂവൽതീരത്ത്‌ സ്വകാര്യ ഹൗസ്‌ബോട്ട്‌ മറിഞ്ഞ്‌ 11 കുട്ടികളുൾപ്പെടെ 21 പേർ മരിച്ചു.
താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ / തീര സദസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.

മുപ്പതോളം പേരാണ്‌ മറിഞ്ഞ ബോട്ടിലുണ്ടായിരുന്നത്‌. രക്ഷാപ്രവർത്തനം തുടരുകയാണ്‌. ഞായർ രാത്രി ഏഴരയോടെയാണ്‌ അപകടം. തൂവൽതീരത്തുനിന്ന്‌ പുറപ്പെട്ട ബോട്ടാണ്‌ അരക്കിലോമീറ്ററിനുള്ളിൽ പൂരപ്പുഴയിൽ അപകടത്തിൽപ്പെട്ടത്‌. ഒരുവശത്തേക്ക്‌ ചെരിഞ്ഞ ബോട്ട്‌ തലകീഴായി മറിയുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട്‌ അപകടം കണ്ട്‌ തിരിച്ചുപോയി യാത്രക്കാരെ ഇറക്കിയാണ്‌ രക്ഷാപ്രവർത്തനം തുടങ്ങിയത്‌.

നാട്ടുകാർ രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങിയെങ്കിലും ഇരുട്ട്‌ തടസ്സമായി. അഗ്‌നിരക്ഷാ യൂണിറ്റുകളും പൊലീസും എത്തിയാണ്‌ രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്‌. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്കാണ്‌ ആളുകളെ മാറ്റിയത്‌. താനൂർ ദയ ആശുപത്രിയിൽമാത്രം ഒമ്പത്‌പേരുടെ മൃതദേഹമുണ്ടെന്നാണ്‌ പ്രാഥമിക വിവരം. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായാണ്‌ മൃതദേഹങ്ങൾ.

Mss conference ad poster

മരിച്ചവരിൽ ഒരു സ്‌ത്രീയെ തിരിച്ചറിഞ്ഞു. തിരൂരങ്ങാടി കുന്നുമ്മൽ കുഞ്ഞിമ്മു (38)വാണ്‌ മരിച്ചത്‌.
അപകടത്തിൽപ്പെട്ട ബോട്ട്‌ അഗ്‌നിരക്ഷാസേന കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ തീരത്തേക്ക്‌ അടുപ്പിച്ചു. ബോട്ട്‌ വെട്ടിപ്പൊളിച്ചാണ്‌ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്‌.

മന്ത്രിമാരായ വി അബ്ദുറഹിമാനും പി എ മുഹമ്മദ്‌ റിയാസും സ്ഥലത്തെത്തി. ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു.
മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ചികിത്സ ഉറപ്പാക്കാൻ മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും രാത്രിയോടെ സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.

താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

planet fashion

Comments are closed.