ഒരുമനയൂർ ഹെൽത്ത് സബ് സെന്റർ പുന:സ്ഥാപ്പിക്കണം – വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ മാങ്ങോട്ട് സ്കൂളിന് സമീപത്തായി പ്രവർത്തിച്ചുവന്ന ഹെൽത്ത് സബ് സെന്റർ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഹെൽത് സബ് സെന്റർ നഷ്ടമായത്.

പ്രളയ, കോവിഡ് കാലങ്ങളിൽ പഞ്ചായത്ത് നിവാസികളുടെ പ്രധാന ആശ്രയമായിരുന്നു ഹെൽത് സബ് സെന്റർ. ദേശീയപാത പൂർണ്ണമാകുമ്പോൾ പഞ്ചായത്തിലെ പ്രദേശങ്ങൾ രണ്ട് മേഖലകളായി മാറും. പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവർക്ക് എളുപ്പം ആശ്രയിക്കാവുന്ന വിധം നിർദിഷ്ട ദേശീയ പാതയുടെ കിഴക്ക് ഭാഗത്ത് തന്നെ ദേശീയ പാത അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം തുക ഉപയോഗിച്ച് ഹെൽത്ത് സബ് സെന്റർ പുനർസ്ഥാപിക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ഷിഹാബ്, പാർട്ടി സെക്രട്ടറി മുഹമ്മദ് സുഹൈൽ, പാർട്ടി ജോയിന്റ് സെക്രട്ടറി വി. എൻ. അരവിന്ദൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

Comments are closed.