
ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ വെലിയേറ്റത്തിന് മുന്നേ അടക്കേണ്ടതായിരുന്നു. കാളമനക്കായലിലൂടെ വരുന്ന ഉപ്പു വെള്ളം കണ്ണിക്കുത്തി പാലം വഴി കനോലി കനാലിലേക്ക് കയറി ഒരുമനയൂരിൽ വിവിധ പ്രദേശങ്ങളിലേക്കും, കടപ്പുറം പഞ്ചായത്തിലെ 3,4,5,6, വാർഡുകളിലേക്കും ഒഴുകി എത്തുകയാണ്.

ഒരുമനയൂർ ലോക്ക് ഷട്ടർ വാർഷിക അറ്റകുറ്റ പണിക്ക് ശേഷം അടച്ചതിനാൽ ചേറ്റുവ പുഴയിൽനിന്നും കനോലി കനാലിലേക്ക് വെള്ളം കയറുന്നില്ല. ഒരുമനയൂർ പഞ്ചായത്തിന്റെ അനാസ്ഥമൂലം നാട് മുഴുവൻ ഉപ്പ് വെള്ളം കയറി നശിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസങ്ങളിലായി സ്ലൂയിസുകൾ അടച്ചുവരുകയാണെന്നും നാളെയോടെ പൂർണ്ണമാകുമെന്നും പഞ്ചായത് പ്രസിഡന്റ് വിജിത സന്തോഷ് പറഞ്ഞു.

Comments are closed.