പവർപീടിക പവർ ഓൺ വീൽസ് – കടപ്പുറം ഗവ.വി എച്ച് എസ് എസിനു ഒന്നാം സ്ഥാനം

ചാവക്കാട് : സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷന് വിഭാവനം നൽകിക്കൊണ്ട് സംസ്ഥാനശാസ്ത്രമേളയിൽ സ്കൂൾ സ്കിൽ ഫസ്റ്റ് വിഭാഗത്തിൽ ഇന്നവേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കടപ്പുറം ഗവൺമെന്റ് വിഎച്ച്എസ് സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾ. കെഎസ്ഇബിയുടെ പുതിയ താരിഫ് പ്രകാരം പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രത്യേക ലിഥിയം ബാറ്ററി അടങ്ങിയ വാഹനങ്ങളിലേക്ക് നിറയ്ക്കുകയും വൈകുന്നേരങ്ങളിൽ സഞ്ചരിക്കുന്ന റസ്റ്റോറന്റ് എന്ന രീതിയിൽ ചായ കുടിക്കുവാൻ വരുന്ന വ്യക്തികൾക്ക് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനമാണ് പവർപീടിക.

കെഎസ്ആർടിസിയുടെ പഴയ ബസ്സിൽ കെഎസ്ഇബിയുടെ സഹായത്താൽ സോളാർ ബാറ്ററി എന്നിവ സ്ഥാപിച്ച് കെടിഡിസി വിഭാഗത്തിന്റെ ആഹാരസ്റ്റോറന്റ് സഞ്ചരിക്കുന്ന ഫുഡ് ട്രക്ക് ആക്കി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം,
കൂടാതെ ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനനുസരിച്ച് ജനറേറ്ററിന് പകരമായി ഉപയോഗിക്കാവുന്ന ഇലക്ട്രിക്കൽ പവർ ബുക്ക് ചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കുന്ന സംവിധാനവും ഇതിലുണ്ട്.
ബുക്കിങ്ങിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ, ഡ്രൈവർക്ക് റീചാർജിങ് ഓൺ ചെയ്യാനുള്ള കാർഡുകൾ, ആറുമണിക്ക് വൈദ്യുത ബന്ധം വിച്ഛേദിക്കാനുള്ള പ്രത്യേക സോഫ്റ്റ്‌വെയറുകൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
രണ്ടാം വർഷ വിദ്യാർഥികളായ മുബഷിർ, പി ആർ ആര്യൻ, എ എസ് റിഫാൻ എന്നീ വിദ്യാർത്ഥികൾ ഇലക്ട്രിക്കൽ വിഭാഗം അധ്യാപകനായ യദു കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു മാസം കൊണ്ടാണ് ഈ പവർ ഓൺ വീൽസ് നിർമ്മിച്ചടുത്തത്.


Comments are closed.