ഒരുക്കങ്ങൾ പൂർത്തിയായി – വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര നാളെ ഗുരുവായൂർ മണ്ഡലത്തിൽ

ചാവക്കാട് : സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് ഒൻപതിന് ഗുരുവായൂർ മണ്ഡലത്തിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഒരുമനയൂർ തങ്ങൾപടിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ചാവക്കാട് ആശുപത്രിറോഡ് ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. ജോതി വാസ് പറവൂർ, എം കെ അസ്‌ലം, റഖീബ് തറയിൽ, പി കെ അക്ബർ തുടങ്ങിയവർ സംസാരിക്കും.

വിവിധ സാമൂഹിക ജനവിഭാഗങ്ങളിലെ നേതാക്കൾ, ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ, ജനകീയ സമര നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ച, നവോത്ഥാന ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിലെ സന്ദർശനം, തെരുവ് നാടകം, വിവിധ കലാവിഷ്കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ജാഥയെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി മണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, സെക്രട്ടറി ഒ കെ റഹീം, ട്രഷറർ മുംതാസ് കരീ, പ്രോഗ്രാം കൺവീനർ സി ആർ ഹനീഫ, ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാഖ് ആലുംപടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.