Header

ദളിതര്‍ക്ക് നേരെ അക്രമം – വേട്ടുവ മഹാസഭ പ്രതിഷേധിച്ചു

ചാവക്കാട്: പട്ടികജാതിക്കാര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ താലൂക്ക് കമ്മറ്റി യോഗം പ്രതിഷേധിച്ചു. ജിഷ വധക്കേസ്, കലാഭവന്‍ മണിയുടെ ദുരൂഹ മരണം, തലശ്ശേരിയില്‍ പട്ടികജാതി യുവതികളേയും കൈകുഞ്ഞിനേയും ജയിലിലേക്കയച്ച നടപടി എന്നീ സംഭവങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരം കേസുകളിലെ പ്രതികളെ പട്ടികജാതി വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജിഷ വധക്കേസില്‍ ദുരൂഹത ഉള്ളതിനാല്‍ അന്വേഷണം സിബിഐക്ക് വിടണം, എടപ്പാള്‍ സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ റാഗിങിനിരയാക്കി ജീവച്ഛവമാക്കിയ കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വേട്ടുവ മഹാസഭ സംസ്ഥാന ഉപാധ്യക്ഷന്‍ രവീന്ദ്രന്‍ പുത്താമ്പുള്ളി യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് പ്രസിഡന്റ് കെ.എസ്.വിജയന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചക്കാണ്ടന്‍ പ്രഭാകരന്‍, സെക്രട്ടറി സി.വി.മുരളീധരന്‍, ബാബു ചിങ്ങാരത്ത്, രവി ചെറാട്ടി,മുരുകേശന്‍ സി.എസ്, കെ.എസ്.പ്രകാശന്‍, മോഹന്‍, മാധവിക്കുട്ടി, രാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.