പാലയൂര്‍: വര്‍ധിച്ചു വരുന്ന അരിവില നിയന്ത്രിക്കണമെന്നും റേഷന്‍ സ്തംഭനം ഒഴിവാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലയൂര്‍ ഫൊറോന പ്രവര്‍ത്തകസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടബാധ്യത മൂലം വായ്പ എടുക്കാന്‍ പോലും കഴിയാത്ത കെഎസ്ആര്‍ടിസിയുടെ ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനം മൂലം ജനങ്ങള്‍ ദുരിതത്തിലായി. അത്യാവശ്യത്തിനുള്ള പണം പോലും ബാങ്കില്‍ നിന്ന് ലഭിക്കാതെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്. അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ലഭിക്കാത്തത് കൊണ്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും സാധാരണക്കാരന് കഴിയുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് വര്‍ഗീസ് നീലങ്കാവില്‍ അധ്യക്ഷനായിരുന്നു. സി.കെ.ജോസ്, ഇ.എം.ബാബു, ഡോ. ആന്റോ ലിജോ, തോമസ് ചിറമ്മല്‍, ജോയ്‌സി ആന്റണി, ജോയ് തോമസ്, ടോണി ഡോമനിക്, എ.ഡി.റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.