മാലിന്യ സംസ്കരണ മേഖലയിൽ വിപ്ലവം – ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജ്ജന സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജ്ജന സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി.

നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45.5 ലക്ഷം രൂപ ചിലവിൽ വാങ്ങിയ മൊബൈൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് (എഫ്.എസ്.ടി.പി)ന്റെ സേവനം അടുത്ത മാസം മുതൽ ലഭ്യമാകും.
നഗരത്തിലെ സെപ്റ്റിക് മാലിന്യ സംസ്കരണത്തിന് പുതിയൊരധ്യായം കുറിക്കുന്നതാണ് ഈ മൊബൈൽ എഫ്.എസ്.ടി.പി വാഹനം. വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം (3000ലിറ്റർ) മൂന്നു മണിക്കൂർ കൊണ്ട് സംസ്കരിക്കാൻ വാഹനത്തിലെ ട്രീറ്റ്മെന്റ് യുണിറ്റിന് കഴിയും. വാഹനത്തിലെ ട്രീറ്റ്മെന്റ് പ്ലാന്റ് വഴി സംസ്കരിച്ച മാലിന്യത്തിൽ നിന്നും ലഭിക്കുന്ന സ്ലഡ്ജ് കമ്പനി കൊണ്ടുപോവുകയും വെള്ളം അവിടെത്തന്നെ ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും. 120 മീറ്റർ അകലെ നിന്ന് വരെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയും. കുറഞ്ഞ ചെലവിൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തി സെപ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും.
നഗരസഭാ പരിധിക്കുള്ളിലെ വീടുകൾക്ക് 6,000 രൂപയും പുറത്തുള്ളവർക്ക് 7,500 രൂപയുമാണ് സേവന നിരക്ക്. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും (8000 ലിറ്റർ വരെ) നഗരപരിധിക്കുള്ളിൽ 8,000 രൂപയും പുറത്ത് 10,000 രൂപയും ഈടാക്കും. ഫ്ലാറ്റുകൾക്ക് (15000 ലിറ്റർ വരെ) നഗരപരിധിക്കുള്ളിൽ 20,000 രൂപയും പുറത്തുള്ളവർക്ക് 25,000 രൂപയുമാണ് നിരക്ക്. ബി.പി.എൽ ഗുണഭോക്താക്കൾക്ക് 10% ഇളവും അനുവദിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെ വീടുകൾക്ക് ആദ്യത്തെ ആറുമാസം 5000 രൂപ നിരക്കിൽ സേവനം ലഭിക്കുന്നതാണ്.
മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനവും പരിപാലനവും മൂന്നു വർഷത്തേക്ക് തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ഭൗമ എൻവയോടെക് കമ്പനിക്കാണ് നൽകിയിട്ടുള്ളത്. റോഡരികിലും ജലാശയങ്ങളിലും സെപ്റ്റിക് മാലിന്യം തള്ളുന്നതിനു ഇതോടെ അറുതിയാകുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് പറഞ്ഞു. സേവനം ലഭിക്കുന്നതിന് 89431 98777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Comments are closed.