ഒരുമനയൂര്‍: ദേശീയപാത ഒരുമനയൂര്‍ ഓവുപാലത്തിന് സമീപം കാനയില്‍ കക്കൂസ് മാലിന്യം തള്ളിയത് ജനങ്ങള്‍ക്ക് ദുരിതമായി. തിങ്കളാഴ്ച രാവിലെ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് കക്കൂസ് മാലിന്യം കാനയില്‍ തള്ളിയ നിലയില്‍ കണ്ടത്.
200 മീറ്റര്‍ നീളത്തിലാണ് കാനയില്‍ കക്കൂസ് മാലിന്യം തള്ളിയത്. ഞായറാഴ്ച രാത്രിയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ രാസവസ്തു കലര്‍ത്തിയതായി സംശയിക്കുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോയുടെ നേതൃത്വത്തില്‍ അധികൃതരെത്തി ബ്ലീച്ചിങ് പൗഡര്‍ വിതറി പ്രദേശത്തെ ദുര്‍ഗന്ധമകറ്റുകയും പരിസരം ശുചീകരിക്കുകയും ചെയ്തു.
പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മുമ്പ് ഇത്തരത്തില്‍ മാലിന്യം തട്ടി പിടിയിലായവരെ വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മൊയ്‌നുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ നളിനി ലക്ഷ്മണന്‍ എന്നിവരും നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.