Header

ആറുവരി ദേശീയപാത, നാലു വരി തീരദേശ ഹൈവേ, വരുന്നു തീരദേശ റെയിൽവേ.. നാട്ടുകാരെ കുടിയിറക്കി നാട് വികസിക്കട്ടെ

✍️ഷക്കീൽ എം വി

ചാവക്കാട് : ദേശീയപാത 66 നു വേണ്ടി കുടിയൊഴിക്കപ്പെട്ട തീരദേശ മേഖലയിൽ വരാനിരിക്കുന്ന തീരദേശ ഹൈവേക്ക് വേണ്ടി നിരവധി കുടുംബങ്ങൾ നാട് ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഇടപ്പള്ളി – തിരുനാവായ തീരദേശ റയിൽവെ സാധ്യതയെന്ന മറ്റൊരു വാർത്ത.

അന്‍പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പു വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ സ്പെയ്സ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോമാറ്റിക്സ് (ബി.ഐ.എസ്.എ.ജി.) ഇന്ത്യയിലെ 80 നഗരങ്ങളാണ് തിരഞ്ഞെടുത്തത്. കേരളത്തിലെ നാലു നഗരങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. നിലവില്‍ റെയില്‍വേ സൗകര്യം ഇല്ലാത്ത മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നാല് നഗരങ്ങളിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപനത്തോടെ റെയിൽ പാതക്ക് വഴി തെളിയുന്നത്.
ഈ പ്രഖ്യാപനമാണ് തിരുര്‍ – തിരുനാവായ് – ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഇടപ്പള്ളി വരെയുള്ള തീരദേശ റെയില്‍വേ സാധ്യതയുടെ ചർച്ചയും ആശങ്കയും ഉയർത്തിയിട്ടുള്ളത്.
ഈ നാല് നഗരങ്ങളിലേക്കും പുതിയ റെയില്‍വേലൈന്‍ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബര്‍ രണ്ടിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലം മുതൽ പഴക്കമുണ്ട് മലപ്പുറം – തൃശൂര്‍ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റെയില്‍പാത എന്ന ആശയത്തിന്. ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ കാലത്ത് തൃശൂര്‍ ജില്ലയുടെ തീരദേശ പ്രദേശത്ത് റെയില്‍വേക്ക് വേണ്ടി സര്‍വേ നടന്നിരുന്നു . പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ തീരദേശ റെയില്‍വേക്ക് വേണ്ടി ശ്രമിച്ചിരുന്നു. തിരൂര്‍ – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന ആവശ്യമായി 1954 മുതല്‍ ആക്ഷന്‍ കൗണ്‍സിലും പ്രവര്‍ത്തിച്ചിരുന്നു. തിരുനാവായില്‍നിന്നും ഗുരുവായൂര്‍ റെയിൽവേ വഴി തീരദേശപാത തുടങ്ങിയാല്‍ ചെലവ് കുറയും എന്ന കണക്കുകൂട്ടലിലാണ് തിരൂര്‍ നു പകരം തിരുനാവായ് – ഇടപ്പള്ളി തീരദേശ റെയില്‍വേ എന്ന പേരായത്.

നിരവധി തവണ തീരദേശ റെയിൽവേക്ക് വേണ്ടി സര്‍വേ നടന്നിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനോലികനാലിനോട് ചേര്‍ന്ന് സര്‍വേ നടന്നെങ്കിലും പദ്ധതി നടപ്പായില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തില്‍ നിലവിലുള്ള റെയില്‍പാതയില്‍ തിരുനാവായ് -ഇടപ്പള്ളി തീരദേശ റെയില്‍വേ പദ്ധതി നടപ്പായാല്‍ കാസര്‍കോട് – തിരുവനന്തപുരം റെയില്‍വേ യാത്രയില്‍ 60 കിലോമീറ്റര്‍ കുറയുമെന്നും ഇത് സമയവും സാമ്പത്തികമായി ലാഭകരവുമാണെന്നാണ് റെയിൽവേ ക്ക് വേണ്ടി ശബ്ദിക്കുന്നവരുടെ വാദം. കേരളത്തിലെ വാണിജ്യ -വ്യവസായ രംഗത്ത് മാത്രമല്ല ടൂറിസം രംഗത്തും വലിയ ഉയര്‍ച്ചക്കും സാധ്യത ഏറെയാണ്. പെരുമ്പടപ്പ് പുത്തന്‍പള്ളി, ഗുരുവായൂര്‍ ക്ഷേത്രം, തൃപ്രയാര്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ക്ഷേത്രം, ചേരമാന്‍ മസ്ജിദ്, അഴിക്കോട് മാര്‍ത്തോമപള്ളി തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ തീരദേശ റെയില്‍വേ പദ്ധതി നടപ്പായാല്‍ ഉണ്ടാവുന്ന മാറ്റം വലുതായിരിക്കും. മാത്രവുമല്ല പൗരാണിക ഭാരതത്തിന്റെ സുവര്‍ണ്ണ കവാടം എന്ന് അറിയപ്പെടുന്ന മുസിരിസ് എന്ന ഇന്നത്തെ കൊടുങ്ങല്ലൂര്‍ വഴിയാണ് തീരദേശ റെയില്‍വേ കടന്നുപോവുക.
പദ്ധതി നടപ്പായാല്‍ കേരളത്തിലെ ഗതാഗത സംവിധാനത്തിലും ഏറെ മാറ്റങ്ങള്‍ ഉണ്ടാവും. അറബിക്കടലിന്റെയും കനോലികനാലിന്റെയും ഇടയിലൂടെയാണ് തീരദേശ റെയിവേ പദ്ധതി നടപ്പാക്കാന്‍ സര്‍വേ നടന്നിരുന്നത്.

എന്നാൽ തീരദേശ റെയിൽവേ സ്വപ്നം കണ്ടിരുന്ന കാലത്ത് നിന്നും നാടിന്റെ അവസ്ഥ വളരെയധികം മാറിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തീരദേശ റെയിൽവേക്ക് വേണ്ടി ശ്രമിക്കുമ്പോൾ 45 മീറ്ററിൽ ദേശീയ പാതയോ, നാലു വരിയിൽ തീരദേശ ഹൈവേയെ കുറിച്ചുള്ള ചർച്ചകൾ പോലും ഉണ്ടായിരുന്നില്ല. കനോലി കനാൽ വികസിപ്പിച്ച് ജല ഗതാഗതം ആരംഭിക്കാനുള്ള പദ്ധതികൾക്കും കടലോര മേഖലയിൽ സി ആർ സെഡ് (costal regulation zone ) നിയമങ്ങൾക്കും ഇടയിലെ കര ഭൂമിയിലാണ് ആറു വരിപ്പാതയും, നാലു വരിപ്പാതയും, ഇനി റെയിൽ പാതയും കടന്നു വരുന്നത്. നല്ലവരായ നാട്ടുകാർക്ക് മഹാബലിയുടെ ഗതിതന്നെ. നെഞ്ചത്ത് കൂടെ തന്നെ പാഞ്ഞു കയറട്ടെ വികസനം.

thahani steels

Comments are closed.