mehandi new

ചാവക്കാടങ്ങാടിയിൽ അങ്ങാടിക്കുരുവികൾ ഇനി ആറെണ്ണം – ഒരു ലോക അങ്ങാടിക്കുരുവി ദിനം കൂടി നിശബ്ദമായി കടന്നു പോയി

fairy tale

ചാവക്കാട് : അങ്ങാടികളിലും പീടികത്തിണ്ണകളിലും കലപിലകൂട്ടി പായുന്ന അങ്ങാടിക്കുരുവികളുടെ ദിനമായിരുന്നു ഇന്നലെ.  അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20-നാണ് ഈ ദിനം ആചരിക്കുന്നത് ഏറെ പരിചിതമായിരുന്ന ഈ കുരുവികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.   ചന്തകളിലും ഓടുമേഞ്ഞ കടകളുടെ മേല്‍ക്കൂരകളിലും കലപില കൂട്ടാന്‍ ഇപ്പോള്‍ അങ്ങാടിക്കുരുവികളില്ല.  അന്യം നിന്നു പോകുന്ന പക്ഷികളുടെ പട്ടികയിലേക്ക്‌ ചേക്കേറുകയാണ് കുരുവികള്‍. ആയിരക്കണക്കിന് കുരുവികൾ വിഹരിച്ചിരുന്ന ചാവക്കാടങ്ങാടിയിൽ അങ്ങാടിക്കുരുവികൾ ഇനി ആറെണ്ണം.  അരിമാർക്കറ്റിലെ നവഗ്രഹ പൂജാ സ്‌റ്റോർ ഉടമ റെബിൻ കെ ബാസ്കർ, സി വി രാജാ സ്റ്റോർ ഉടമ രാജൻ തുടങ്ങിയവർ ഇവർക്ക് വെള്ളവും തീറ്റയും സുരക്ഷിത ഇടവും ഒരുക്കി നൽകുന്നു. അഞ്ചോ ആറോ കുരുവികളെ മാത്രമാണ് ഇപ്പോൾ അങ്ങാടിയിൽ കാണുന്നുള്ളൂ എന്ന് വ്യാപരികൾ. 

planet fashion

കാക്ക കഴിഞ്ഞാല്‍ ഇത്രയേറെ വ്യാപകമായി കണ്ടുവന്നിരുന്ന വേറൊരു പക്ഷിയില്ല എന്നോര്‍ക്കുമ്പോഴാണ് ഈ കുഞ്ഞിക്കിളികളുടെ അസാന്നിദ്ധ്യം നമ്മെ അമ്പരപ്പിക്കുന്നത്. ഓരോ വര്‍ഷവും കഴിയുംതോറും ഭീതിതമായ തോതില്‍ ഇവയുടെ എണ്ണം കുറയുകയാണ്.  ഒട്ടേറെ ചെറുപട്ടണങ്ങളില്‍ നിന്ന് അവ പാടെ അപ്രത്യക്ഷമായിക്കഴിഞ്ഞു.

വംശനാശത്തിലേക്ക് നീങ്ങുന്ന ഈ കുരുവികളുടെ സംരക്ഷണത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മാര്‍ച്ച് 20 അങ്ങാടിക്കുരുവി ദിനമായി ആഘോഷിച്ചുവരുന്നു. കേരളത്തില്‍ എല്ലായിടത്തും തന്നെ പക്ഷിനിരീക്ഷകരും പ്രകൃതിസ്നേഹികളും ഈ ദിനം ആവേശപൂര്‍വം കൊണ്ടാടുന്നുണ്ട്.  അങ്ങാടിക്കുരുവികളുടെ എണ്ണമെടുത്തും അവക്ക് കൂടുകള്‍ ഒരുക്കിക്കൊടുത്തും കുഞ്ഞു കിളികളോടുള്ള സ്നേഹവായ്പ് പ്രകടമാക്കുന്നു.

മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്ന പക്ഷികള്‍ വേറെയുമുണ്ടാവാം.  എന്നാല്‍ മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളില്‍ ഒരിക്കലും തങ്ങാത്ത പക്ഷികളായി അങ്ങാടിക്കുരുവികളേ കാണൂ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ പ്രതീകം കൂടിയാവുന്നു അങ്ങാടിക്കുരുവി. അവ പീടികക്കുള്ളിലെ പ്രാണികീടങ്ങളെ തിന്നൊടുക്കുന്നു. പുറത്ത് വീണുപോകുന്ന ധാന്യമണികള്‍ കൊത്തിപ്പെറുക്കുകയല്ലാതെ അരിച്ചാക്കുകള്‍ കൊത്തിപ്പൊളിക്കാനൊന്നും ഈ കുരുവികളില്ല. അതു കൊണ്ട് തന്നെ വ്യാപാരികള്‍ക്ക് അങ്ങാടിക്കുരുവികള്‍ സുഹൃത്തുക്കള്‍ മാത്രം.

രാത്രിയിലും പക്ഷികള്‍ക്ക് യഥേഷ്ടം കടക്കുള്ളില്‍ കടക്കാവുന്നവിധം കടനിരയില്‍ സുഷിരങ്ങള്‍ തീര്‍ത്തിരിക്കുന്ന വ്യാപാരശാലകള്‍ പഴയ അങ്ങാടികളില്‍ ഇന്നും കാണാം.  അത് കടകള്‍ക്കുള്ളിലേക്ക് എയര്‍കണ്ടീഷനറുകളും ഫാനുകളും കടന്നുവരുന്നതിന് മുമ്പുള്ള കാലം.  എയര്‍ കണ്ടീഷന്‍ഡ് കടകള്‍ പക്ഷികള്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടച്ചു.  ഫാനുകളാണ് അതിലേറെ കുരുവികള്‍ക്ക് വിനാശമുണ്ടാക്കിയത്.  അവയുടെ നീളന്‍ ചിറകുകള്‍ ആ കൊച്ചുജീവന്‍ എത്രയാണ് തല്ലിക്കെടുത്തിയത്.  കീടനാശിനികളുടെ സുഗന്ധം പരത്തുന്ന സ്പ്രേകള്‍ കടകള്‍ക്കുള്ളിലെ പ്രാണികളെ തുരത്തുമെന്നിരിക്കെ അങ്ങാടിക്കുരുവികളുടെ സേവനം വ്യാപാരിക്ക് ഇനി വേണ്ടെന്നായിരിക്കുന്നു. ചുരുക്കത്തില്‍ അതിനന്റെ സഹജ ആവാസവ്യവസ്ഥയില്‍ നിന്ന് ഈ ചെറുപക്ഷികള്‍ നിശ്ശബ്ദം പുറത്താക്കപ്പെടുകയാണ്.  

അങ്ങാടിക്കുരുവികളുടെ തിരോധാനത്തിന് വേറെയുമുണ്ട് കാരണങ്ങള്‍.  ചണച്ചാക്കുകളുടെ ചെറുസുഷിരങ്ങള്‍ ചന്തകളിലെവിടെയും ധാന്യമണികള്‍ ചിതറിയിട്ടിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു.  ഇപ്പോള്‍ വായുകടക്കാത്ത പ്ളാസ്റ്റിക് ചാക്കുകളിലാണ് അരിയും ഗോതമ്പുമെല്ലാം വരിക.  അതുകൊണ്ടുതന്നെ ആകാശത്തിലെ പറവകള്‍ക്കായി ധാന്യങ്ങള്‍ കടമുറ്റങ്ങളില്‍ ബാക്കിവരാറില്ല. ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം ഈ കുരുവികളുടെ എണ്ണത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ധാന്യങ്ങളിലെ വിഷാംശങ്ങള്‍ ദുര്‍ബ്ബലരായ ഈ ചെറുജീവികളെ കൊന്നൊടുക്കുന്നു.

പക്ഷി, പ്രകൃതി സ്നേഹികളുടെയും, നഗരസഭ അധികൃതരുടെയും അടിയന്തിര ശ്രദ്ധയും നടപടിയും ഉണ്ടായില്ലെങ്കിൽ അടുത്ത ലോക കുരുവിദിനത്തിൽ കുരുവി മുക്ത അങ്ങാടികളുടെ ലിസ്റ്റിൽ ചാവക്കാടും എഴുതി ചേർക്കപ്പെടും.

Jan oushadi muthuvatur

Comments are closed.