Header

സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച സംഭവം – പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

st joseph church kaveeduഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള പള്ളിയിലെത്തി വികാരി ഫാ.സിറിയക് ചാലിശേരിയില്‍ നിന്നും അക്രമത്തില്‍ പരിക്കേറ്റ പള്ളിക്കമ്മിറ്റി ഭാരവാഹികളില്‍ നിന്നും മൊഴിയെടുത്തു. എസ്.ഐയുടെ നേതൃത്വത്തിലാണ് ലാത്തിയടി തുടങ്ങിയതെന്നും, വികാരി പറഞ്ഞപ്പോള്‍ എസ്.ഐ മര്‍ദനം നിര്‍ത്തിയെങ്കിലും ഒരു പൊലീസുകാരന്‍ മര്‍ദനം തുടരുകയായിരുന്നെന്നും മൊഴി നല്‍കി. പള്ളി ഹാളില്‍ നടന്ന വിവാഹത്തില്‍ അക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസിനെ വിളിച്ചത്. അക്രമം കാണിച്ചവര്‍ വൈദിക മന്ദിരത്തിലേക്ക് കയറിയെന്ന് ആരോ പറഞ്ഞതിനെ തുടര്‍ന്ന് അങ്ങോട്ട് കയറി ലാത്തിവീശുകയായിരുന്നു. സംഭവത്തിന് ഉത്തരവാദിയായ എസ്.ഐ സുരേഷില്‍ നിന്നും മറ്റ് പൊലീസുകാരില്‍ നിന്നും എ.സി.പി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.  പൊലീസ് നിലവിട്ട് പെരുമാറിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് സൂചന. പള്ളി ട്രസ്റ്റി ജോബി വടക്കന്‍(40), ചൊവ്വല്ലൂര്‍ അഭിജിത്ത്(23), മേലിട്ട് ജോസഫ്(46), വര്‍ഗീസ് പുലിക്കോട്ടില്‍ (22) എന്നിവര്‍ക്കാണ് ലാത്തിയടിയില്‍ പരിക്കേറ്റിരുന്നത്.

Comments are closed.