mehandi new

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവ് – ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ മാറ്റേണ്ട കാര്യം തന്ത്രിക്ക് ഇല്ല

fairy tale

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അല്ലാതെ ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ മാറ്റേണ്ട കാര്യം തന്ത്രിക്ക് ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഗ്രഹത്തിന്റെ ചൈതന്യം കുറഞ്ഞാല്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുറയുമെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

planet fashion

ഡിസംബര്‍ ഒന്നിനാണ് ഈ വര്‍ഷത്തെ വൃശ്ചികമാസ ഏകാദശി. അന്ന് ഉദയാസ്തമയ പൂജ നടത്താനാണ് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തേ ഈ പൂജ തുലാമാസത്തിലെ ഏകാദശി ദിവസമായ നവംബര്‍ രണ്ടാം തീയതി നടത്താനായിരുന്നു തീരുമാനം. തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാല്‍ തുലാ മാസത്തിലെ ഏകാദശി ദിവസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ നടത്താമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തന്ത്രി ദേവഹിതം തേടിയിരുന്നു. തന്ത്രിയുടെ അനുമതിയോടെയാണ് ഉദയസ്തമയ പൂജ മാറ്റിയിരുന്നത്. ആചാരപ്രകാരമുള്ള എല്ലാ നടപടികളും തന്ത്രി പൂര്‍ത്തിയാക്കിയിരുന്നതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി സുപ്രീംകോടതിയെ അറിയിച്ചു.

ഉദയാസ്തമയ പൂജ നിത്യപൂജ അല്ലെന്നും വഴിപാട് മാത്രമാണെന്നുമായിരുന്നു ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിലപാട്. ആചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടേതാണ് അവസാന തീരുമാനമെന്നും, തന്ത്രിയുടെ സമ്മതത്തോടെയാണ് ഉദയാസ്തമയ പൂജയുടെ മാറ്റമെന്നും ദേവസ്വത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരവും അഭിഭാഷകന്‍ എം.എല്‍. ജിഷ്ണുവും കോടതിയെ അറിയിച്ചു. എന്നാല്‍, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു പൂജയാണിതെന്നും തന്ത്രിക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ സി.എസ്. വൈദ്യനാഥന്‍, കെ.പരമേശ്വര്‍, ഗുരു കൃഷ്ണകുമാര്‍, അഭിഭാഷകന്‍ എ.കാര്‍ത്തിക് എന്നിവര്‍ ചൂണ്ടിക്കാട്ടി.

Macare 25 mar

Comments are closed.