ചാവക്കാട്: “ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം” എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലി ശനിയാഴ്ച്ച ചാവക്കാട് നടക്കും. എസ് വൈ എസിൻ്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് രൂപീകരിച്ചിട്ടുള്ള സന്നദ്ധ സംഘമാണ് പ്ലാറ്റ്യൂൺ. സാന്ത്വന, സേവന, സന്നദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം പരിശീലനം ലഭിച്ച ഈ സംഘത്തിൽ ജില്ലയിൽ ആയിരത്തി ഒരുന്നൂറ് അംഗങ്ങളാണ് ഉള്ളത്. അവരുടെ സമർപ്പണവും പ്ലാറ്റ്യൂൺ പരേഡും പൊതുസമ്മേളനവുമാണ് പ്ലാറ്റ്യൂൺ അസംബ്ലിയിൽ ഉണ്ടാകുക.
ശനിയാഴ്ച്ച വൈകീട്ട് 4.30 ന് മുതുവട്ടൂർ സെൻ്ററിൽ നിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് പ്ലാറ്റ്യൂൺ അസംബ്ലിക്ക് തുടക്കമാകുക. ചാവക്കാട് മുനിസിപ്പൽ ബസ്റ്റാൻ്റ് പരിസരത്ത് റാലി സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് വരവൂര്‍ അബ്ദുൽ അസീസ് നിസാമിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് പ്രമേയ പ്രഭാഷണവും സി.എൻ ജഅഫർ സന്ദേശ പ്രഭാഷണവും സി.കെ.എം ഫാറൂഖ് പ്രൈം ടൈം സ്പീച്ചും നടത്തും.
രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ വിചാരവേദിയായി പ്ലാറ്റ്യൂൺ അസംബ്ലി മാറും. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജനകീയ പ്രശ്നങ്ങൾ വിദ്വേഷ രാഷ്ട്രീയം വർഗീയത പോലെയുള്ള സാമൂഹിക പ്രശ്നങ്ങൾ ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ ഭരണഘടന മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം പ്ലാറ്റ്യൂൺ അസംബ്ലി ചർച്ച ചെയ്യപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അബ്ദുല്‍ അസീസ് നിസാമി വരവൂര്‍ (ജില്ലാ പ്രസിഡന്‍റ്), പി.യു ശമീര്‍ (ജില്ലാ ജന:സെക്രട്ടറി ), കെ.ബി ബഷീര്‍ (ജില്ലാ സെക്രട്ടറി ), ഹുസൈന്‍ ഹാജി പെരിങ്ങാട് (സ്വാഗതസംഘം ഫിനാന്‍സ് സെക്രട്ടറി ), മുഈനുദ്ദീന്‍ പണ്ടാറക്കാട് (സ്വാഗതസംഘം മെമ്പര്‍ ), നിഷാര്‍ മേച്ചേരിപ്പടി (സ്വാഗതസംഘം കണ്‍വീനര്‍) എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments are closed.