കടലാസിൽ പണിതീർത്ത കുഞ്ഞു സ്‌കൂളിന് മുന്നിൽ മണ്മറഞ്ഞ ഒരു കലാലയത്തിൻ്റെ ഓർമ്മകളുമായി ഗുരുനാഥരും പൂർവ്വ വിദ്യാർത്ഥികളും ഒത്തുകൂടി
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp – +919745223340 +919946054450
ചാവക്കാട് : ഒരു ശേഷിപ്പ് പോലും ബാക്കിവെക്കാതെ മൂന്ന് പതിറ്റാണ്ട് മുമ്പ് ചരിത്രത്തിലേക്ക് പിൻവാങ്ങിയ മുതുവട്ടൂർ രാജാ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ മുറ്റത്ത് ഒത്തുകൂടി.
പൂർവ്വ വിദ്യാർത്ഥി ബൈജു മമ്മിയൂരിന്റെ കരവിരുതിൽ തീർത്ത പഴയ സ്കൂളിന്റെ കൊച്ചു രൂപം ഗുരുനാഥരെയും പൂർവ്വ വിദ്യാർത്ഥികളെയും കൊണ്ട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു.
ഗുരുവായൂർ എം. എൽ.എ എൻ. കെ അക്ബർ ഉദ്ഘാടനം ചെയ്തു.
രാജാ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഇൻസൈറ്റ് സ്പെഷൽ സ്കൂളിൻറെ പ്രിൻസിപ്പാളുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.
ഏറെക്കാലം മികച്ച വിദ്യാലമായി ഗുരുവായൂർ – ചാവക്കാട് മേഖലയിൽ തിളങ്ങി നിന്ന സ്കൂളിന് 1980കളുടെ അവസാനത്തിലാണ് താഴ് വീണത്. കല്ലിന്മേൽ കല്ല് ശേഷിക്കാത്ത വിധം സ്കൂൾ കെട്ടിടം തന്നെ ഇല്ലാതായി. നാട്ടിലെ സ്കൂളുകളിലെല്ലാം ഗുരുവന്ദനവും പൂർവ വിദ്യാർഥി സംഗമവുമൊക്കെ മുറതെറ്റാതെ നടക്കുമ്പോഴും ഇവിടത്തെ പൂർവ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇതെല്ലാം അന്യമായിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപികയായ ഫാരിദ ഹംസ പഴയ അധ്യാപകരെ കണ്ടെത്താൻ ശ്രമം നടത്തുകയും അധ്യാപക ദിനത്തിൽ ഒത്തുകൂടാനുള്ള അവസരം ഒരുക്കുകയും ചെയ്തത്.
രാജാ യു പി സ്കൂളിലെ അദ്ധ്യാപകരായിരുന്ന സൈമൺ മാസ്റ്റർ, ജേക്കബ് മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, അംബുജടീച്ചർ, ലിസ്സി ടീച്ചർ, നസീമ ടീച്ചർ, ശോഭന ടീച്ചർ, സഹീറ ടീച്ചർ, സുബൈദ ടീച്ചർ എന്നിവർ അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ ആദരവ് ഏറ്റുവാങ്ങി.
1975 മുതൽ 1988 വരെയുള്ള കാലഘട്ടങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികളും ഈ ധന്യ മുഹൂർത്തത്തിന് സാക്ഷികളാവാൻഎത്തിയിരുന്നു.
റിട്ടയർഡ് ഡിവൈഎസ്പി യും കരുണ ഫൗണ്ടേഷൻ ചെയർമാനും ആയ കെ ബി സുരേഷ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
എൻ കെ അക്ബർ എം എൽ എ അധ്യാപകരെ പൊന്നാട അണിയിച്ചു. പൂർവ്വ വിദ്യാർത്ഥികൾ പുരസ്‌കാരം സമർപ്പിച്ചു.
എത്തി ചേരാനാവാത്ത മറ്റ് അദ്ധ്യാപകർക്ക് വേണ്ടി അവരുടെ ബന്ധു മിത്രാദികൾ ആദരവ് ഏറ്റു വാങ്ങി.
മണ്മറഞ്ഞു പോയ അദ്ധ്യാപകരായ കുഞ്ഞിമാവു ടീച്ചർ, കല്യാണി ടീച്ചർ, കൊച്ചുമേരി ടീച്ചർ, മേരി ടീച്ചർ, ജോണി മാസ്റ്റർ തുടങ്ങിയവർക്ക് വേണ്ടി അവരുടെ ചെറുമക്കൾ ആദരവ് ഏറ്റു വാങ്ങി.
കൊച്ചുമേരി ടീച്ചർക്ക് വേണ്ടി ഭർത്താവ് ഡോ. കുര്യാക്കോസ് ആദരവ് ഏറ്റു വാങ്ങി.
പഴയകാല മുതുവട്ടൂർ രാജാ സ്കൂളിന്റെ മോഡൽ നിർമിച്ച പൂർവ്വ വിദ്യാർത്ഥി ബൈജു മമ്മിയൂരിന് പ്രത്യേക ആദരവ് നൽകി.
ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ്, ജോയിൻ്റ് സെക്രട്ടറി ലിഷ കൃഷ്ണകുമാർ, ഇൻസൈറ്റ് എക്സിക്യൂട്ടീവ് മെമ്പർ ലത്തീഫ് മമ്മിയൂർ എന്നിവർ ആശംസകൾ നേർന്നു.
അദ്ധ്യാപകരും വിദ്യാർത്ഥികളും പരസ്പരം അനുഭവങ്ങളും, ഓർമ്മകളും, സ്നേഹവും പങ്കുവെച്ചു. നിർവചിക്കാനാവാത്ത ആത്മ സൗഹൃദത്തിൻ്റെയും ഗുരുശിഷ്യ ബന്ധത്തിൻ്റെയും നിമിഷങ്ങൾക്ക് ഇൻസൈറ്റ് അങ്കണം സാക്ഷിയായി.
Comments are closed.