വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിന് തടാകം കുഞ്ഞുമുഹമ്മദ് ഹാജി ആധാരം കൈമാറി

പുന്നയൂർ : വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂളിന് വാങ്ങി നൽകിയ ഭൂമിയുടെ ആധാരം കൈമാറി. തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജി സ്‌കൂളിന് വേണ്ടി വാങ്ങി നൽകിയ 30.25 സെന്റ് ഭൂമിയുടെ ആധാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു ഏറ്റുവാങ്ങി. ടി വിസുരേന്ദ്രൻ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.

പുന്നയൂർ പഞ്ചായത്തിലെ 124 വർഷം പഴക്കമുള്ള ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് പ്രവർത്തിച്ചു വന്നിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മറ്റും സാധിക്കാതെ വന്നതിനെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടാവുകയും സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടർച്ചയായി നടത്തിയ ഇടപെടലിനെ തുടർന്നാണ് പ്രസ്തുത സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ
എം.വി. കുഞ്ഞുമുഹമ്മദ് ഹാജി ആവശ്യമായ സ്ഥലം വാങ്ങി നൽകുന്നതിന് തയ്യാറാവുകയും 51,90,000 രൂപ ചിലവ ഴിച്ച് 30.25 സെന്റ് ഭൂമി വാങ്ങി നൽകുകയും ചെയ്തത്. ഗ്രാമപഞ്ചായത്ത് മെമ്പർ സെലീന നാസറിന്റെ ഇടപെടലിനെ തുടർന്ന് ചേന്നാത്തയിൽ കാദർ ഹാജിയുടെ കുടുംബം സ്കൂളിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അവരുടെ കൈവശമുള്ള ഭൂമി മിതമായ നിരക്കിൽ സ്കൂളിന് നൽകുകയായിരുന്നു.
വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ റഹീം വീട്ടിപറമ്പിൽ തൃശ്ശൂർ ജില്ലാപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, കെ.എ. വിശ്വനാഥൻ പുന്നയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ജിസ്‌ന ലത്തീഫ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,
സെലീന നാസർ വാർഡ് മെമ്പർ, എം.വി. ഹൈദ്രാലി പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, എം.കെ. അറാഫത്ത് പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ ദയാനന്ദൻ മാമ്പുള്ളി, പി.വി. ജാബിർ, സി. ഷറഫുദ്ദീൻ, പി ടി എ പ്രസിഡണ്ട് റാഷിദ ഷിഹാബുദ്ദീൻ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
സുഹറ ബക്കർ പുന്നയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്വാഗതവും പി സി വിലാസിനി ഹെഡ് മിസ്ട്രസ്സ് നന്ദിയും പറഞ്ഞു.

Comments are closed.