mehandi new

താലൂക്ക് വികസന സമിതി : തെക്കന്‍പാലയൂരിലെ കണ്ടല്‍ നശീകരണത്തിനെതിരെ നടപടി വേണമെന്നാവശ്യം

fairy tale

ചാവക്കാട്: തെക്കന്‍പാലയൂരില്‍ ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് പ്രദേശം മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം തടയാനും കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചിടത്ത് പകരം കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിക്കണമെന്നും തോമസ് ചിറമ്മല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമത്തെ വെല്ലുവിളിച്ച് ഇത്തരം പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുക്കുന്നവരേയും ഇതിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ടല്‍ വെട്ടിനശിപ്പിച്ച സ്ഥലം സന്ദര്‍ശിക്കുകയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ തഹസില്‍ദാര്‍ കതിര്‍ വടിവേലു വ്യക്തമാക്കി. കാവീട് സെന്റ് ജോസഫ് പള്ളിയുടെ വൈദികമന്ദിരത്തില്‍ അതിക്രമിച്ച് കയറിയ പോലീസ് പള്ളി വികാരിയേയും ട്രസ്റ്റിമാരേയും നിരപരാധികളേയും മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും തോമസ് ചിറമ്മല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും ഉള്‍പ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ച മുഴുവന്‍ മത്സ്യതൊഴിലാളികള്‍ക്കും വള്ളം ഉടമകള്‍ക്കും അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് എം.കെ.ഷംസുദ്ദീന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭവും നാശനഷ്ടങ്ങളും ഉണ്ടാവുന്നത് തടയാന്‍ അടിയന്തിര മുന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. മുമ്പ് നടന്ന വികസന സമിതി യോഗങ്ങളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പല വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കഴിയാതിരുന്നത് യോഗത്തില്‍ വിമര്‍ശത്തിനിടയാക്കി. ഫിഷറീസ്, ഇറിഗേഷന്‍ എന്നീ വകുപ്പുകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ ആരും പങ്കെടുക്കാതിരുന്നതും യോഗത്തില്‍ രൂക്ഷ വിമര്‍ശത്തിന് കാരണമായി. മഴക്കാലമായതിനാല്‍ ആരോഗ്യമേഖലയില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ വകുപ്പിന്റെ ചുമതലയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇതിനായി മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗത്തില്‍ തഹസില്‍ദാര്‍ കതിര്‍ വടിവേലു ആവശ്യപ്പെട്ടു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.സുഭാഷിണി യോഗത്തില്‍ അധ്യക്ഷയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, വാടാനപള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ഷിജിത്ത്, ഡപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.