സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി


ഗുരുവായൂർ : കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ എത്തിച്ചത്. രുഗ്മിണിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരണപ്പെട്ടത്. സംഭവത്തിൽ സാധാരണ മരണത്തിന് പോലീസ് കേസെടുത്തിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്.
സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനൊടുവിൽ സ്വത്ത് തട്ടിയെടുക്കാൻ ഇന്ദുലേഖ അമ്മയ്ക്ക് വിഷം നൽകി അപായപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാക്കി വിൽപ്പന നടത്തിയ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായാണ് കൊലപാതകം ചെയ്തതെന്നാണ് വിവരം.

Comments are closed.