പാലയൂർ : തെക്കൻ പാലയൂരിൽ മാലിന്യം തള്ളിയ ലോറി ഉടമക്കെതിരെ പൊതു സ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും, ജലസ്രാതസ്സുകളിലും മാലിന്യം തള്ളിയതിനെതിരായ വകുപ്പിൽ കേസെടുത്ത് ജയിലിലടക്കണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.

ഒന്നര വർഷം മുമ്പേ ഇതേ സ്ഥലത്ത് അർധരാത്രി മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടിച്ചെടുത്ത് പോലിസിനും, ഹെൽത്ത് വിഭാഗത്തിനും കൈമാറിയിട്ടും ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് കൊണ്ടാണ് നിയമ വിരുദ്ധ പ്രവർത്തി ആവർത്തിക്കാനുള്ള പ്രധാന കാരണം.

അന്ന് പൗരാവകാശ വേദിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് സി സി ടി വി ക്യാമറ സ്ഥാപിക്കുമെന്ന കൗൺസിൽ തീരുമാനം ഇതുവരേയും നടപ്പിലാക്കാത്തത് പ്രതിഷേധാർഹമാണെന്നും പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അഭിപ്രായപ്പെട്ടു.

മാലിന്യം മൂലം മണ്ണ്, വെള്ളം, വായു എന്നിവ മലിനീകരിക്കപ്പെട്ടും, മറാ രോഗങ്ങൾ മൂലവും ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങളെ നിരന്തരം അവഗണിക്കുന്ന അധികാരികളുടെ നടപടി പ്രതിഷേധാർഹമാണെന്നും പൗരാവകാശ വേദി യോഗം അഭിപ്രായപ്പെട്ടു.