പൊന്നിൻ കുരിശുകളുമായി പ്രദക്ഷിണം ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനം

പാവറട്ടി : സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് പൊന്നിൻകുരിശുകളും മുത്തു കുടകളുമായി തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രാർഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടിൽ വി.യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിൻ്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണവീഥിയിലൂടെ എഴുന്നള്ളിച്ചു. പ്രദക്ഷിണത്തിൽ ഇടവകയിലെ എൺപത്തിയൊന്നു കുടുംബയൂണിറ്റുകളിലെ പ്രസിഡന്റുമാർ പൊന്നിൻകുരിശുകൾ കൈകളിലേന്തി.

പ്രദക്ഷിണം ദേവാലയത്തിൽ നിന്നും വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെത്തി തിരിച്ച് ദേവാലയത്തിൽ പ്രവേശിച്ചു. ബാൻഡ് വാദ്യങ്ങളുടെയും ലില്ലിപ്പൂ കൈകളിലേന്തിയ കുട്ടികളുടെയും അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ ഇന്ന് ഞായർ ഭക്തജന പ്രവാഹം രാത്രി വൈകിയും തുടരുന്നു. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങൾ പങ്കെടുത്തു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകീട്ട് മൂന്നിന് തമിഴ് കുർബ്ബാനയും ഉണ്ടായിരിരുന്നു. രാവിലെ പത്ത് മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക്
ഫാ. പോൾ തേക്കാനത്ത് മുഖ്യ കാർമികനാകനായി. ഫാ. അലക്‌സ് മരോട്ടിക്കൽ സന്ദേശം നൽകി. വൈകിട്ട് ഏഴ് മണിക്ക് നടന്ന പാട്ടു കുർബാനക്ക് ശേഷം വടക്കു ഭാഗം വെടിക്കെട്ട് കമ്മറ്റിയുടെ വെടിക്കെട്ട് ആരംഭിച്ചു. വിവിധ സമുദായങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വളഎഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ എത്തിച്ചേരുന്നതോടെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഭക്തിനിർഭരമായ പരിസമാപ്തിയാകും.
തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആൻ്റണി ചെമ്പകശ്ശേരി, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഗോഡ് വിൻ കിഴക്കൂടൻ, ഫാ. നിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ ജെ ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ ജെ വിൻസെന്റ്, വിൽസൺ നീലങ്കാവിൽ, മറ്റു ഭാരവാഹികളായ സേവിയർ അറയ്ക്കൽ, ജോബി ഡേവിഡ്, പി.ആർ. ഒ . റാഫി നീലങ്കാവിൽ സി.വി. സേവ്യർ വിവിധ കൺവീനർമാരായ ജോൺ ഒ പുലിക്കോട്ടിൽ, സുബിരാജ് തോമസ് , എം എഫ് പ്രിൻസ് , ബൈജു ലൂവീസ്, കെ.ഡി. ജോസ്, അൽബർട്ട് തരകൻ എന്നിവർ തിരുനാളിന് നേതൃത്വം നൽകി.

Comments are closed.