പുന്നയൂർ: നമ്മുടെ രാജ്യത്ത് ഉയർന്നുവരുന്ന വിഭജന മുദ്രാവാക്യങ്ങളെയും മനുഷ്യമനസ്സുകളെ അസ്വസ്ഥമാക്കുന്ന പിന്തിരിപ്പൻ ചിന്താഗതികളെയും തിരിച്ചറിയാനും അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥി സമൂഹം മുന്നോട്ടുവരണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഒരു ഭാഗത്ത് മനുഷ്യർ ജീവിക്കാനായി പൊരുതുമ്പോൾ മറുഭാഗത്ത് ഭരണകൂടങ്ങൾ ജനവിരുദ്ധ നയങ്ങൾ കൈക്കൊള്ളുന്നു.
ജനങ്ങളുടെ പ്രതിഷേധത്തെ ഭരണകൂടം കരിനിയമങ്ങൾ കൊണ്ട് നേരിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. മുസ്‌ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി യു എ ഇ കെഎംസിസിയുടെ സഹായത്തോടെ നിർമിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽ ദാനവും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പുരസ്കാര സമർപ്പണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗദേയം നിർണയിക്കേണ്ട പുതുതലമുറയെ സദാചാര വിരുദ്ധ പ്രവർത്തനങ്ങളുടെയും ലഹരിയുടെയും അടിമകളാക്കി മാറ്റാൻ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നു. ഈ വക വെല്ലുവിളികളെ തിരിച്ചറിഞ്ഞ് നാടിനും കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും നന്മ ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ വിദ്യാഭ്യാസം കൊണ്ട് സാധിക്കണം.
തന്റെ പിതാവിന്റെ സ്മരണയ്ക്ക് വേണ്ടി തുടക്കം കുറിച്ച ബൈത്തുറഹ്മ പദ്ധതി വീടില്ലാത്ത നിരവധി പേർക്ക് അത്താണി ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും പുറത്തും നിർമ്മിച്ചു കൊടുത്തതും നിർമ്മാണത്തിൽ ഇരിക്കുന്നതുമായ ബൈത്തുറഹ്മകളുടെ എണ്ണം പോലും തിട്ടപ്പെ ടുത്താൻ സാധിക്കാത്ത വിധം അധികരിച്ചതായി അദ്ദേഹം പറഞ്ഞു.
നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും അദ്ദേഹം നിർവഹിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡൻറ് സി .എച്ച്. റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ് എം. വി. ഷക്കീർ, ജില്ലാ വൈസ് പ്രസിഡന്റ് ആർ. പി. ബഷീർ, ജില്ലാ സെക്രട്ടറി സി അഷറഫ്, എം. പി. കുഞ്ഞുമുഹമ്മദ്, ജലീൽ കാര്യാടത്ത്, സി. മുഹമ്മദാലി, ടി. എ. ആയിഷ, അസീസ്, എ. വി. അലി, കബീർ ഫൈസി, നൗഫൽ കുഴിങ്ങര, സുബൈദ പുളിക്കൽ, പി .എ.bനസീർ, എം.സി മുസ്തഫ, ഫൈസൽ കുന്നമ്പത്ത്, നിസർ മുത്തേടത്ത്, അലി കോഞാടത്ത്, നസീഫ് യുസഫ്, അബ്ദുൽ ജലീൽ അൽകരജ് കെ. എം. സി. സി, ഷെറിനാ ടീച്ചർ, മുജീബ് എടയൂർ, ബഷീർ കടവിൽ, മൊയ്തുണ്ണി ആലത്തയിൽ, മുട്ടിലിൽ ഖാലിദ്, കെ. കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി കെ ഉസ്മാൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദുൽ സലീം കുന്നമ്പത്ത് നന്ദിയും പറഞ്ഞു.
Comments are closed.