തിരുവത്ര സ്വദേശിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി

ചാവക്കാട്: വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകളില്‍ പ്രതിയായ തിരുവത്ര സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. തിരുവത്ര പുതിയറ കൊള്ളാമ്പി വീട്ടില്‍ ജഷീറി(36)നെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ കാപ്പ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. ഗുരുവായൂര്‍ എ.സി.പി. ടി.എസ്. സിനോജ്, ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വി.വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. ഗുരുവായൂര്‍ സബ് ഡിവിഷനില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രമായി പത്താമത്തെ ആള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. ജഷീര്‍ ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചതായറിഞ്ഞാല്‍ ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടറേയോ സബ്ബ് ഇന്‍സ്‌പെക്ടറേയോ വിവരമറിയിക്കണമെന്നും ഇത്തരത്തില്‍ കഞ്ചാവ്, ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ തുടര്‍ന്നും കാപ്പ ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.വി. വിമല്‍ അറിയിച്ചു.

Comments are closed.