പിതൃമോക്ഷം തേടി പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ചാവക്കാട്: പിതൃമോക്ഷം തേടി കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ പുലര്‍ച്ചെ 2.30-ന് ആരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ 10 വരെ നീണ്ടു.

ഒരേ സമയം ആയിരം പേര്‍ക്കു വരെ ബലിയിടാന്‍ കടപ്പുറത്ത് സൗകര്യമൊരുക്കിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശര്‍മ്മ, ശാന്തിമാരായ ഷൈന്‍, അരുണ്‍ തുടങ്ങിയവര്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താനും ഭക്തര്‍ക്ക് സൗകര്യമൊരുക്കി. ബലിയിടാനെത്തിയവര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിനായി കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷക്കായി പോലീസ്, തീരദേശ പോലീസ്, ആംബുലന്‍സ്, അഗ്നിരക്ഷാസേന, തീരദേശ ജാഗ്രത സമിതി എന്നിവരുടെ സേവനവും ഉണ്ടായി. ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി, ജോയിന്റ് സെക്രട്ടറി കെ.എസ്. ബാലന്‍ മറ്റു ഭാരവാഹികളായ വിശ്വനാഥന്‍ വാക്കയില്‍, വാസു തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.