വട്ടേക്കാട് സ്വദേശിയുടെ മൂന്നര സെന്റും എം പി ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷവും – വട്ടേക്കാട് പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടമാകുന്നു
വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തിലെ വട്ടേക്കാട് വാർഡിൽ ആരോഗ്യ ഉപ കേന്ദ്രം നിർമ്മിക്കുന്നതിനായി വട്ടേക്കാട് സ്വദേശിയായ ആർ എം മുഹമ്മദാലി സൗജന്യമായി നൽകിയ മൂന്നര സെൻറ് സ്ഥലത്തിന്റെ ആധാരം കൈമാറി.
ബി കെ സി തങ്ങൾ റോഡിന് അവസാന ഭാഗത്തുള്ള സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാണ് ആധാരം കൈമാറിയത്.
ടി.എൻ പ്രതാപൻ എംപി ആധാരം ആർ എം മുഹമ്മദാലി യിൽ നിന്നും സ്വീകരിച്ചു.
പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന് കെട്ടിടം പണിയുന്നതിലേക്ക് ടി എൻ പ്രതാപൻ എം പി ഫണ്ടിൽനിന്നും മുപ്പത് ലക്ഷം രൂപ നൽകും.
കടപ്പുറം പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത് സെന്റർ അഞ്ചങ്ങാടിയിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിൽ നാലു വാർഡുകളിലായി നാല് ഉപകേന്ദ്രങ്ങളുണ്ട്. നിലവിൽ ഒരു ഉപകേന്ദ്രത്തിനു മാത്രമാണ് സ്വന്തമായി കെട്ടിടമുള്ളത്. ഒരു ഉപകേന്ദ്രം മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മറ്റു രണ്ടും അംഗൻ വാടികൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. വട്ടേക്കാട് ആരോഗ്യ ഉപകേന്ദ്രത്തിനു കെട്ടിടമാകുന്നത്തോടെ കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള വെൽനെസ് സെന്ററായും ഇത് ഉപയോഗപ്പെടുത്താം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസിരിയ മുശ്ത്താക്കലി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷിത കുണ്ടിയത്ത്, സി വി സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ രാധാകൃഷ്ണൻ, അഡ്വക്കറ്റ് നാസിഫ് മുഹമ്മദ്, എ വി അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്,
എന്നിവർ പങ്കെടുത്തു.
സ്ഥലം ദാനം ചെയ്ത ആർ എം മുഹമ്മദാലിയെ ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു.
Comments are closed.