Header

കടലിലും പുഴയിലും മത്സ്യബന്ധനത്തിനിറങ്ങുന്നവരെ കുരുക്കിലാക്കി വേലിയിറക്കം

ചേറ്റുവ: വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം കടലിലേക്ക് ഇറങ്ങിപ്പോകുന്നത് ചേറ്റുവ പുഴയിലും കടലിലും മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു.
ഒരു മാസത്തോളമായി പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് 11 വരെ നീണ്ടുനില്‍ക്കുന്ന വേലിയേറ്റമാണ് ചേറ്റുവ പുഴയിലെ അഴിമുഖത്തിനോടടുത്ത ഭാഗങ്ങളില്‍ ഉണ്ടാവുന്നത്. പുഴയിലെ വെള്ളത്തിന്റെ അളവില്‍ വന്‍തോതില്‍ കുറവ് സംഭവിക്കുന്നത് കാരണം പുഴയോരത്തെ ചെറുവഞ്ചിക്കാര്‍ മീന്‍പിടിത്തത്തിനിറങ്ങുന്ന കടവുകളില്‍ ഒട്ടും വെള്ളമില്ലാത്ത സാഹചര്യമാണ്.
ചെറുവഞ്ചിക്കാര്‍ മീന്‍പിടിത്തത്തിനായി ഇറങ്ങുന്നത് പുലര്‍ച്ചെയും രാവിലെയുമാണ്. ഇവര്‍ക്കിപ്പോള്‍ മീന്‍പിടിക്കാന്‍ പുഴയില്‍ ഇറങ്ങാനാവുന്നില്ല. വെള്ളമിറങ്ങി വഞ്ചി ചെളിയില്‍ പുതയുന്നതിനാല്‍ മത്സ്യബന്ധനം നടത്താനായി വേലിയേറ്റത്തില്‍ പുഴയില്‍ വെള്ളം നിറയുന്ന ഉച്ചസമയം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്. ഈ സമയമാണെങ്കില്‍ പുഴയിലെ മത്സ്യബന്ധനത്തിന് അനുകൂലമല്ലെന്ന് തൊഴിലാളികള്‍ പറയുന്നു.കാര്യമായി മീനൊന്നും ഈ സമയത്ത് കിട്ടാറില്ലെന്ന് ഇവര്‍ പറയുന്നു.
വെള്ളമില്ലാത്തതിനാല്‍ മീനുകള്‍ തമ്പടിക്കാനായി മത്സ്യതൊഴിലാളികള്‍ തൂപ്പുകളും ചില്ലകളും പുഴയില്‍ നിക്ഷേപിച്ചത് വെറുതെയായി. ഇത്തരത്തില്‍ പുഴയില്‍ തുരുമ്പിടുന്ന ഭാഗത്ത് കരിമീന്‍, ചെമ്പല്ലി എന്നിവ വന്‍തോതില്‍ ഉണ്ടാവാറുണ്ട്.
ചെറുവഞ്ചിക്കാരെയാണ് വേലിയിറക്കം കൂടൂതലായി ബാധിച്ചതെങ്കിലും ചേറ്റുവ പുഴയിലെ തന്നെ മുനക്കക്കടവ്,ബംഗ്ലാവുംകടവ് എന്നീ ഹാര്‍ബറുകളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ഫൈബര്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഇത് പ്രശ്‌നമാവുന്നുണ്ട്. പുഴയില്‍ വെള്ളമുള്ള ചാലുകള്‍ നോക്കി സൂക്ഷിച്ച് പോകേണ്ട അവസ്ഥയാണ് ഇവര്‍ക്കും. വലിയ വള്ളങ്ങളും ബോട്ടുകളും പലപ്പോഴും മണല്‍ത്തിട്ടയിലും ചെളിയിലും തട്ടുന്നതായി തൊഴിലാളികള്‍ പറയുന്നു. വേലിയേറ്റമുണ്ടാകുന്ന തക്കം നോക്കിയാണ് ഇവരിപ്പോള്‍ കടലില്‍ പോകുന്നതും മടങ്ങിവരുന്നതും. കടലില്‍ പോയവര്‍ പുഴയില്‍ വെള്ളമുണ്ടോയെന്ന് കരയിലേക്ക് വിളിച്ചുചോദിച്ചതിന് ശേഷമാണ് കരയില്‍ തിരിച്ചെത്തുന്നത്.

thahani steels

Comments are closed.