അടച്ചുപൂട്ടൽ – പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും
ചാവക്കാട് : കഴിഞ്ഞ വർഷം അടച്ചു പൂട്ടേണ്ടി വന്ന പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും. തെക്കൻ പാലയൂർ വാർഡ് 13ഇൽ 1935 ഇൽ സ്ഥാപിതമായ എ എം എൽ പി (കുന്ദംപുള്ളി സ്കൂൾ ) സ്കൂളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ. അധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തതിന്റെ പേരിൽ ഇവിടെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഓൺലൈൻ ക്ലാസ്സുകൾ നടന്നിരുന്ന കഴിഞ്ഞ വർഷം വിദ്യാർത്ഥികളെ ആകർഷിക്കാൻ മാനേജ്‌മെന്റ് സൗജന്യമായി ടാബുകൾ വിതരണം ചെയ്തിരുന്നു. കൊറോണക്കാലം കഴിഞ്ഞു സ്കൂളുകൾ എല്ലാം തുറന്നെങ്കിലും പാലയൂർ എ എം എൽ പി സ്കൂൾ അടഞ്ഞു കിടന്നു.
ഇവിടെ പഠിച്ചിരുന്ന കുട്ടികൾ ടി സി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക് പോകേണ്ടി വന്നതും, പുതിയ ക്‌ളാസുകളിലേക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കതെ പോയതും ഇവിടെ അധ്യാപകർ ഇല്ലാത്തതിന്റെ പേരിലാണെന്നാണ് മാനേജ്‌മെന്റ് ടീമിന്റെ ആരോപണം.
കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി കുട്ടികൾ കുറഞ്ഞു വന്നിരുന്ന ഈ സ്കൂളിൽ രണ്ട് വർഷം മുന്നേ ഇവിടത്തെ പ്രധാന അധ്യാപികയായിരുന്ന ഗിരിജ ടീച്ചർ വിരമിച്ചതോട് കൂടി സ്കൂളിന്റെ ചുമതല സംരക്ഷിത അദ്ധ്യാപിക ആയി കടന്ന് വന്ന ചിറ്റിലപ്പിള്ളി വി.വി.എൽ.പി സ്‌കൂളിലെ ടെസി. ടി തോമസിനായിരുന്നു.
എന്നാൽ അവർക്ക് ഈ അദ്ധ്യായന വർഷം തുടങ്ങുന്നതിനു മുന്നേ തന്നെ തന്റെ പഴയ സ്‌കൂളിലേക്ക് തിരിച്ചു പോകേണ്ടി വന്നതോടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ഭാവി ഓർത്ത് ടി. സി വാങ്ങി മറ്റ് സ്‌കൂളുകളിലേക്ക് പോകാൻ നിർബന്ധിതരാവുകയായിരുന്നു.
എട്ട് പതിറ്റാണ്ട് പിന്നിട്ട സ്‌കൂളിനെ എന്ത് വിലകൊടുത്തും നിലനിറുത്താൻ വേണ്ടി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യത്തിനായി ടാബ് വിതരണം ചെയ്തിരുന്നു.
സ്കൂളിന്റെ 500മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്തിരുന്ന ഏഴാം ക്ലാസ് വരെ ഉള്ള പാലയൂർ എ യു പി സ്കൂളിനും കഴിഞ്ഞ വർഷം അടച്ചു പൂട്ടേണ്ടി വന്നതും അധ്യാപകരും കുട്ടികളും ഇല്ലാത്തതിന്റെ പേരിൽ ആയിരുന്നു.
ഫോട്ടോ : ഫയൽ ( കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്യുന്നു )
Comments are closed.