ചാവക്കാട്: കൊടും വേനലില്‍ നാടും നഗരവും കുടി വെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന്‍ അധികൃതര്‍ക്ക് നേരമില്ല. പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നത്. തീരമേഖലയിലേക്ക് എത്തേണ്ട ശുദ്ധജലമാണ് അമ്പതിലേറെ മീറ്റര്‍ അകലത്തിലൊഴുകുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി ജല അതോറിറ്റി അധികൃതര്‍ക്ക് വിളിച്ചറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.  കൈനനക്കാന്‍ പോലും വെള്ളമില്ലാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്.