പുന്നയൂര്‍ക്കുളം : ചമ്മണ്ണൂരില്‍ ബസില്‍നിന്ന് താഴെ വീണ വീട്ടമ്മയുടെ കൈയിലൂടെ പിന്‍ചക്രം കയറിയിറങ്ങി ഗുരുതരപരിക്ക്. ചമ്മണ്ണൂര്‍ കോര്‍മ്മത്തയില്‍ ബീവാത്തുമ്മ (63)യ്ക്കാണ് സാരമായി പരിക്കേറ്റത്. രാവിലെ 9.15-നാണ് സംഭവം.
ചമ്മണ്ണൂര്‍ അതിര്‍ത്തി സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറിയ ബീവാത്തുമ്മ ആദ്യപടിയില്‍ കയറിയ ഉടനെ മുന്നോട്ടെടുക്കുകയായിരുന്നെന്നു പറയുന്നു. താഴെ വീണ ഇവരുടെ വലതുകൈത്തണ്ടയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ചമ്മണ്ണൂര്‍ അതിര്‍ത്തിയിലെ തറവാട്ടുവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേയ്ക്ക് വരുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ ദയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വടക്കാഞ്ചേരി -പുത്തന്‍പള്ളി- ചെറുവത്താനി റൂട്ടില്‍ ഓടുന്ന മജോമോന്‍ ബസിലാണ് അപകടമുണ്ടായത്. ബസിനോടൊപ്പം ഡ്രൈവറെയും വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.