അണ്ടത്തോട്: ഇന്നും നാളെയുമായി‍ നടക്കുന്ന അണ്ടത്തോട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷ് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത കാഴ്ച്ച കമ്മിറ്റിയുടെയും വിവിധ ക്ലബ് പ്രതിനിധികളുടെയും യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. കാഴ്ച വരവുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഉപയോഗിക്കുന്നതും റോഡില്‍ പാര്‍ട്ടികളുടെയും കാഴ്ച വരവുകളെടുക്കുന്ന ക്ലബ്ബിന്റെയും ചിഹ്നങ്ങള്‍, പേരുകള്‍ എന്നിവ എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എഴുതിയവര്‍ മായ്ച്ചുകളഞ്ഞെങ്കില്‍ മാത്രമാണ് കാഴ്ച എടുക്കാന്‍ അനുവദിക്കുകയുള്ളു. കാഴ്ച വരവുകളില്‍ സംഘര്‍ഷമുണ്ടായാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുക്കും. ചന്ദനക്കുടം നേര്‍ച്ചയുടെ നടത്തിപ്പുകാരായ സെന്‍ററല്‍ കമ്മിറ്റി കേന്ദ്രീകരിച്ചുള്ള ഒരു പബ്ലിസിറ്റി കേന്ദ്രവും ഇതിനെകേന്ദ്രീകരിച്ച്‌ പോലീസ് സഹായകേന്ദ്രവും പ്രവര്‍ത്തിക്കും. കാഴ്ച വരവുകളില്‍ കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രജിസ്റ്റര്‍ ചെയ്ത കാഴ്ച കമ്മിറ്റികളുടെ വരവുകള്‍ മാത്രമാണ് അനുവദിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി, തോരണം, ഫ്ലക്സ് തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ കെട്ടുവാന്‍ അനുവദിക്കുകയില്ല. സ്വകാര്യ സ്ഥലങ്ങളില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കെട്ടിവെക്കാം. ശനിയാഴ്ച കാഴ്ച വരവുകള്‍ രാത്രി 12 നും ഞായറാഴ്ച നടക്കുന്ന കാഴ്ച വരവുകള്‍ പുലര്‍ച്ച 3നും അവസാനിക്കും. കമ്മിറ്റി അനുവദിച്ച സമയത്തിനുള്ളില്‍ വരവുകള്‍ ജാറത്തിലെത്തിയില്ലെങ്കിലും എത്തിയിടത്തുവെച്ച്‌ അവസാനിപ്പിക്കണം. ഇത് അംഗീകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ദേശീയപാതയില്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് വേണ്ടി പാലപ്പെട്ടി-മന്ദലാകുന്ന് വഴി വാഹനങ്ങൾ തിരിച്ചു വിടും. നേര്‍ച്ച നടക്കുന്ന അണ്ടത്തോടും പരിസരവും സിസിടിവി നിരീക്ഷണത്തിലും കനത്ത പോലീസ് വലയത്തിലുമായിരിക്കും.