ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നാളെ കുചേലദിനം ആഘോഷിക്കും. കുചേലന്‍ എന്നറിയപ്പെടുന്ന സുദാമാവ് സതീര്‍ഥ്യനായ കൃഷ്ണനെ അവില്‍ പൊതിയുമായി കാണാന്‍ പോയതിന്റെ സ്മരണക്കായാണ് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച  കുചേലദിനം ആഘോഷിക്കുന്നത്. അവില്‍ നിവേദ്യമാണ് കുചേലദിനത്തിലെ പ്രധാന വഴിപാട്. അവില്‍, നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവ ചേര്‍ത്ത് കുഴച്ചാണ് നിവേദ്യം തയ്യാറാക്കുക. നാളെ വൈകീട്ട്  അഞ്ച് മുതല്‍ വിശേഷാല്‍ അവില്‍ നിവേദ്യത്തിനുള്ള ടിക്കറ്റുകള്‍ ക്ഷേത്രത്തിലെ കൗണ്ടറില്‍ നിന്ന് ലഭിക്കും. 10 രൂപയാണ് ചുരുങ്ങിയ ടിക്കറ്റ്. പരമാവധി ഒരു ഭക്തന് 50 രൂപ വരെ ടിക്കറ്റ് നല്‍കും. കുചേല ദിനത്തില്‍ പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവക്ക് അവില്‍ നിവേദിക്കും. ഭക്തര്‍ കൊണ്ടുവരുന്ന അവില്‍ സ്വീകരിക്കുതിനും സംവിധാനം ഏര്‍പ്പെടുത്തും. ക്ഷേത്രത്തില്‍ ചുറ്റവിവിളക്കും ഉണ്ടാകും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കുചേലവൃത്തം കഥകളിയും അരങ്ങേറും.