Header

വിടപറഞ്ഞത് ഒരു നൂറ്റാണ്ട് കാലം ജീവിച്ച ആദ്യകാല മുസ്ലിം അധ്യാപിക

ചാവക്കാട്: സ്രീകള്‍ക്ക് കയ്യക്ഷരം കയ്യെത്താ ദൂരെയായിരുന്ന കാലത്ത് കയ്യക്ഷരം മാത്രമല്ല കലാലയ വിദ്യാഭ്യാസവും നേടി അധ്യാപികയായി മാറിയ കയ്യ ടീച്ചര്‍ 104-ാം വയസില്‍ വിട പറഞ്ഞു.
സാമൂഹ്യമായി പല കാരണങ്ങളാല്‍ മലയാളി സ്ത്രീകള്‍ക്ക് തന്നെ ഭൗതിക വിദ്യാഭ്യാസം ചിന്തയില്‍ പോലും കടന്നുകൂടാത്ത കാലത്ത് കോഴിക്കോട് പോയി കോളജില്‍ പഠിച്ച് അധ്യാപികയായ കയ്യ ടീച്ചര്‍ മലബാറില്‍ തന്നെ അത്ഭുതമാണ്. വടക്കേ പുന്നയൂരിലെ ചാലില്‍ അമ്മുവിന്‍്റെ മകളായാണ് കയ്യ ജനിച്ചത്. സമീപത്തെ സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, കുന്നംകുളം ഗേള്‍സ് ഹൈസ്കൂളിലത്തൊന്‍ തന്നെ ഒത്തിരി കടമ്പകള്‍ കടക്കേണ്ടി വന്നു. വടക്കേപുന്നയൂരില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററോളം അകലെയുള്ള ഹൈസ്കൂളിലത്തെുകയെന്നത് യാത്രാ സൗകര്യമില്ലാത്ത കാലത്തെ ഏറ്റവും വലിയ സാഹസമായിരുന്നു. ഒപ്പം സമൂഹത്തില്‍ അക്കാലത്ത് നിലനിന്ന എതിര്‍പ്പും. പ്രത്യേകിച്ച്, ഭൗതിക വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ ജനിച്ച കയ്യ ടീച്ചറെ പോലെയുള്ള ഒരു മുസ്ളിം സ്ത്രീക്ക്. അറിവിനോടുള്ള അവരുടെ അദമ്യമായ അവേശത്തിനു മുന്നില്‍ കുടുംബത്തിലെ ആദ്യത്തെ ചില ചെറിയ എതിര്‍പ്പുകളും ചുറ്റുപാടുകളില്‍ നിന്നുയര്‍ന്ന വലിയ എതിര്‍പ്പുകളും വഴി മാറി നിന്ന് എതിരാളികളൊക്കെ പ്രോത്സാഹനത്തിന്‍്റെ കവാലാളുകളായി മാറുകയായിരുന്നു. കുന്നംകുളത്ത് നടന്നെത്താനുള്ള പ്രയാസം വലുതായിരുന്നു. അത് കണ്ടറിഞ്ഞ സ്കൂളിലെ അധ്യാപകന്‍ ഇസ്മായില്‍ മാസ്റ്ററെ കയ്യ ടീച്ചര്‍ ഏറെ കടപ്പാടോടെയാണ് ഓര്‍മ്മിച്ചിരുന്നത്. ഡ്രോയിംഗ് ടീച്ചറായിരുന്ന അദ്ദേഹം മുന്‍കയ്യെടുത്താണ് അന്നത്തെ കൊച്ചി രാജാവില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി പെണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ സ്ഥാപിച്ചത്. കയ്യ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു ആ ഹോസ്റ്റല്‍. ഹൈസ്കൂള്‍ പഠനം ഇടമുറിയാതെ മുന്നോട്ട് പോവാന്‍ ഹോസ്റ്റല്‍ ജീവിതമാണ് കയ്യ അടക്കമുള്ള അന്നത്തെ സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് തുണയായത്. ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പേ വിദ്യ നേടാനുള്ള സ്വാതന്ത്ര്യം നേടിയ ചാവക്കാട് താലൂക്കിലെ പുന്നയൂര്‍ക്കാരി കയ്യയുടെ കഥ അന്നത്തെ പോലെ ഇന്നത്തെ തലമുറക്കും ആവേശവും അത്ഭുതവുമായിരുന്നു. മലബാറില്‍ ഖിലാഫത്ത് സമരത്തിന്‍്റെ മൂര്‍ദ്ധന്യത്തില്‍ കയ്യടീച്ചര്‍ കോഴിക്കോട്ടായിരുന്നു. മലബാറിലെ പൊതു സമൂഹത്തിലും മുസ്ളിം സമുദായത്തില്‍ പ്രത്യേകിച്ചും നവോത്ഥാനത്തിന്‍്റെ തിരയിളക്കം കുഞ്ഞോളങ്ങളായി ഇരച്ചത്തെിയ കലത്തിനു സാക്ഷിയായിരുന്നു കയ്യ ടീച്ചര്‍. 1929 ലാണ് കോഴിക്കോട്ടെ ഗവണ്‍മെന്‍്റ് ട്രയിനിംഗ് കോളജിലത്തെുന്നത്. അധ്യാപക പരിശീലനം കഴിഞ്ഞ് തിരിച്ചത്തെി പുന്നയൂരില്‍ പഠിച്ച സ്കൂളില്‍ തന്നെ 1935-ല്‍ അധ്യാപികയായി‍. ഇരുപത്തഞ്ച് രൂപയായിരുന്നു അന്ന് മാസം കിട്ടിയിരുന്ന ശമ്പളം. 1970 ല്‍ അവര്‍ വിരമിക്കുമ്പോള്‍ ശമ്പളം മൂന്നക്കമായി 360 രൂപയിലത്തെിയിരുന്നു. നാട്ടുകാര്‍ പട്ടിണിയും പരിവട്ടവുമായി നാട് വിട്ട് പ്രവാസികളായിത്തുടങ്ങിയ കാലത്താണീ വലിയ ശമ്പളം. ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം പെന്‍ഷനായി ലഭിച്ച 120 രൂപ ഇപ്പോള്‍ എണ്ണായിരം രൂപയായാണ് ലഭിച്ചത്. മൂളച്ചാം വീട്ടില്‍ മുഹമ്മദ് മുസ്ളിയാരായിരുന്നു ടീച്ചറുടെ ഭര്‍ത്താവ്. ഏക മകന്‍ ഹമീദ് 69-ാം വയസ്സില്‍ മരിച്ചു. താമസം ഹമീദിന്‍്റെ മകന്‍ അഷറഫിന്‍്റെ കൂടെ വടക്കേക്കാട് കല്ലിങ്ങലിലിലെ വീട്ടിലായിരുന്നു. പ്രായത്തിന്‍്റെ അവശതകളൊന്നുമില്ലാതെയാണ് ജീവിതത്തിന്‍്റെ ഓരോ ഘട്ടങ്ങളും മരിക്കുന്നത് വരെ ടീച്ചര്‍ ഓര്‍ത്തിരുന്നത്. ഓര്‍മ്മക്കുറവുമുണ്ടായിരുന്നില്ല. കോഴിക്കോട്ട് പഠിക്കുന്ന കാലത്തറിഞ്ഞ വീരപുരുഷന്‍ അബ്ദുറഹ്മാന്‍ സാഹിബും സ്വാതന്ത്ര സമര നേതാവ് ഇ മൊയ്തു മൗലവിയും മാക്സിസ്റ്റ്റ് ആചാര്യന്‍ ഇം.എം.എസും ടീച്ചറുടെ ഓര്‍മയില്‍ മായാതെ നില്‍ക്കുന്നുണ്ടായിരുന്നു. 2012ല്‍ നൂറിന്‍്റെ നിറവിലേക്ക് കടന്നപ്പോള്‍ ടീച്ചര്‍ക്ക് നാട്ടുകാര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി ആദരവ് പ്രകടിപ്പിച്ചിരുന്നു. നൂറു വയസ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ ടീച്ചര്‍ വടക്കേ പുന്നയൂരിലുണ്ടെന്നറിഞ്ഞ് കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എയും ടീച്ചറെ ആദരിക്കാനത്തെിയിരുന്നു.

thahani steels

Comments are closed.