ചാവക്കാട്: നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കനോലി കനാലിലേക്ക്.
നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മാലിന്യം പിൻഭാഗത്തെ അഴുക്ക് ചാലിലൂടെ റോഡരികിലെ കാനയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇവിടെനിന്നും സ്വകാര്യ ഫർണ്ണിച്ചർ സ്ഥാപനത്തിൻറെ മുന്നിലൂടെ പ്രത്യേകം നിര്‍മ്മിച്ച കാനയിലൂടെയാണ് വഞ്ചിക്കടവിലെ കനോലി കനാലിലേക്ക് ഒഴുകി എത്തുന്നത്. പൊതുവെ നഗരസഭയിലെ മാലിന്യം പലവഴിയിലൂടെ ഒഴുകിയെത്തുന്നതും കനോലി കനാലിലേക്കാണ്.
കനോലി കനാൽ മാലിന്യ മുക്തമാക്കുന്നതിൻറെ ഭാഗമായി വിവിധ സാമൂഹിക സംഘടനകൾ കനോലി കനാൽ സംരക്ഷണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ പരിപാടിയിൽ പങ്കെടുത്ത് കനോലി കനാലിനെ സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് ആണയിട്ട് പറയുന്ന അധികൃതർ ഇതെല്ലാം കാണാതെപോകുകയാണെന്നാണ് പരിസരത്തെ വ്യാപാരികളുടെയും നാട്ടുകാരുടേയും ആക്ഷേപം. പൊന്നാനി മുതൽ ചേറ്റുവ വരെയുള്ള കനേലി കനാൽ മേഖലയിൽ ഒരു തദ്ദേശ ഭരണ സ്ഥാപനം തന്നെ അതിൻറെ അഴുക്ക് ചാൽ കാനോലി കനാലിലേക്ക് ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ളത് ചാവക്കാട് നഗരസഭ മാത്രമാണ്. നഗരത്തിലെ കാനകളിൽ നിന്ന് കോരിയെടുക്കുന്ന മണ്ണ് ഉപയോഗിച്ച് നഗരസഭ വഞ്ചിക്കടവിൽ കനോലി കനാൽ നികത്തുകയാണ്. വാർത്തയെ തുടർന്ന് പ്രതിഷേധമുയരുകയും വിവിധ സംഘടനകൾ കൊടിവെച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും നഗരസഭാ അധികൃതർ അനങ്ങിയിട്ടില്ല.
കനോലി കനാല്‍ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പുഴയിലൂടെ ബോധവല്‍ക്കരണ ജല യാത്ര നടത്തിയിരുന്നു. . നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്ത പരിപാടി വൈസ് ചെയര്‍ പേഴസന്‍ മഞ്ജുഷ സുരേഷ്, സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എച്ച് സലാം, എ എ
മഹേന്ദ്രന്‍, കൌണ്‍സിലര്‍ പി എ വിശ്വംഭരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ്‌ കുമാര്‍ സി യു, കൈലാസ്നാഥ്, ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. കനോലി കനാലില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ആറു മാസം തടവും പതിനായിരം രൂപ പിഴയും ചുമത്തുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന കൌണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഒരു വര്‍ഷം തികയാറാകുമ്പോള്‍ നഗരസഭയെയും ഭരണ നേതൃത്വത്തെയും നാട്ടുകാര്‍ ബോധവല്‍ക്കരിക്കേണ്ട ഗതികേടിലാണ്.