ഗുരുവായൂര്‍: ഗുരുവായൂര്‍ തൈക്കാട് ചൊവ്വല്ലൂര്‍പ്പടി മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷം. തീറ്റക്കായി പറമ്പില്‍ കെട്ടിയിരുന്ന ആട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തു. മറ്റൊരു ആടിന് പരിക്കേറ്റു. തൈക്കാട് പനങ്ങായി ആസിഫലിയുടെ വീട്ടിലെ നാല് മാസം പ്രായമുള്ള പിടയാടാണ് ചത്തത്. രണ്ട് വയസ്സുള്ള പിടയാടിനാണ് പരിക്കേറ്റത്. രാവിലെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആടുകളെ കെട്ടിയതായിരുന്നു. ഏഴ് മണിയോടെ കൂട്ടമായെത്തിയ നായ്ക്കള്‍ ആടുകളെ ആക്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയതിനാലാണ് ഒരു ആടിനെ രക്ഷിക്കാനായത്. കഴിഞ്ഞ ദിവസം ചൊവ്വല്ലൂര്‍പ്പടി തിരിവില്‍ പാണേങ്ങാട്ട് സണ്ണിയുടെ വീട്ടിലെ 9 കോഴികള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തിരുന്നു. പട്ടാപകലും കൂട്ടമായെത്തുന്ന തെരുവ് നായ്ക്കള്‍ മനുഷ്യര്‍ക്ക്  നേരെയും തിരിയുന്നതായി നാട്ടുകാര്‍ പറഞ്ഞു. തെരുവ് നായ ശല്യത്തിനെതിരെ പരാതി നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന്  നാട്ടുകാര്‍ ആരോപിച്ചു. ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും  നാട്ടുകാര്‍ ആവശ്യപ്പെട്ടു.