ചാവക്കാട്: അസൗകര്യങ്ങളുടെ സബ്ട്രഷറിയില്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയും പേറി പതിവുപോലെ അവരെത്തി മാസാദ്യത്തിലെ പെന്‍ഷനൊന്നു കൈപ്പറ്റാന്‍.
ചാവക്കാട് താലൂക്കിലെ വിവിധ മേഖലയില്‍ നിന്ന് പെന്‍ഷന്‍ പണം വാങ്ങാനത്തെുന്നവരിലേറേയും പ്രായത്തിന്‍റെ ബലഹീനതയും അവശതയും അനുഭവിക്കുന്നവരാണ്. സ്ത്രീകളുള്‍പ്പടെ, അംഗപരിമിതരും വയോധികരുമായ ഇവരെടെ അവസ്ഥയെകുറിച്ച് അധികൃതര്‍ക്ക് യാതൊരു ചിന്തയുമില്ല.  പെന്‍ഷന്‍ കൈപറ്റാന്‍ ചവിട്ടുപടികള്‍ ഒത്തിരകയറിയിറങ്ങണമീ അവശയാം വാര്‍ദ്ധക്ക്യത്തില്‍. എല്ലാ മാസാദ്യത്തിലും ചാവക്കാട് മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിലെ സബ് ട്രഷറിയിലത്തെുന്ന ഈ ജനതക്ക് ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ വൃത്തിയും വെടിപ്പും സൗകര്യവുമുള്ള ഒരു കക്കൂസ് പോലുമിവിടെ ഒരുക്കിയിട്ടില്ല. ദുര്‍ഗന്ധവും മലിന്യവും നിറഞ്ഞ കക്കൂസിലേക്ക് പോകാന്‍ വൃദ്ധരായ പെന്‍ഷന്‍കാര്‍ മടിക്കുകയാണ്. പ്രായമായ ഇവരില്‍ പലര്‍ക്കും പ്രമേഹവും മറ്റു രോഗങ്ങളുമുള്ളതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ നിര്‍ബന്ധമാണെന്നറിഞ്ഞിട്ടും അധികൃതര്‍ സൗകര്യം ഒരുക്കുന്നില്ലെന്നു ഇവര്‍ ആക്ഷേപിക്കുന്നു. മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് ചാവക്കാട് താലൂക്ക് സബ് ട്രഷറി. പുതിയ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ നിന്ന് നേരെ ഈ കെട്ടിടത്തിലേക്ക് മറ്റൊരു ചെറിയ പാലം വഴിയാണ് കയറുന്നത്. നേരെ കയറി ചെല്ലുന്ന ഭാഗം ഒന്നാം നിലയിലാണ്. ഇവിടെന്ന് താഴേക്ക് രണ്ട് നിരയിലെ സ്റ്റെപ്പുകള്‍ ഇറങ്ങി വേണം ഗ്രൗണ്ട് ഫ്ളോറിലെ ട്രഷറിയിലത്തൊന്‍. തിരിച്ച് റോഡിലത്തൊനും ഇതേ സ്റ്റെപ്പുകള്‍ കയറണം. രോഗികളും വയോധികരുമാണ് ഇവിടെ എത്തുന്നവരിലേറെയെന്നതിനാല്‍ ട്രഷറി ആളുകള്‍ക്ക് നേരെ നടന്നത്തൊന്‍ പ്രയാസമില്ലാത്ത ഒന്നാം നിലയിലാക്കണമെന്നാണ് പെന്‍ഷനേഴ്സിന്‍റെ ആവശ്യം.