Header

അരനൂറ്റാണ്ടായി തുടരുന്ന കടലിന്‍റെ കലി – പെരുവഴിയിലായത് ആയിരങ്ങള്‍ – പരിഹാരമെന്തന്നറിയാതെ അധികാരികള്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: കടലാക്രമണവും അതിനിരയാവുന്നവരും നാട്ടില്‍ ഒരു വാര്‍ത്ത പോലുമല്ലാത്ത സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷവും വേനലും വ്യത്യാസമില്ലാതെ ഏതു കാലത്തും കടപ്പുറം പഞ്ചായത്തിലെ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുന്നതും നാശം വിതക്കുന്നതും പതിവാണ്. കടപ്പുറം പഞ്ചായത്തിലെ ബ്ളാങ്ങാട് മുതല്‍ മുനക്കക്കടവ് വരേയുള്ള തീരത്ത് നിന്ന് കടലാക്രമണം മൂലം കുടിയൊഴിഞ്ഞു പോവേണ്ടി വന്ന കുടുംബങ്ങള്‍ ആയിരത്തിലേറെ വരും.
രണ്ടാം ലോകമഹായുദ്ധകാലത്ത് പുളി നെല്‍കൃഷിയും, കേരകൃഷിയും ഉണ്ടായിരുന്ന ഒരു കിലോമീറ്ററോളം വരുന്ന തീര ഭൂമി കടലെടുത്തു പോയി. കടലിന്റെ സംഹാര താണ്ഡവത്തില്‍ അടിപതറി നിലം പതിച്ച് ഒഴുകിപ്പോയത് പതിനായിരത്തിലേറെ തെങ്ങുകളാണ്. സംസ്ഥാനത്തൊരിടത്തും തീരവാസികള്‍ നേരിടാത്ത ദുരിതമാണ് കടപ്പുറം പഞ്ചായത്തില്‍ അരനൂറ്റാണ്ടായി തുടരുന്നത്. ഇരകളില്‍ പലരും വാടക വീടുകളിലാണിപ്പോഴും. ഇവരുടെ കൈകളിലൊക്കെ ഇന്നും കടലിന്റെ ഭാഗമായി മാറിയ പഴയ ഭൂമിയുടെ പട്ടയമുണ്ട്.

കടല്‍ രൗദ്രഭാവം പൂണ്ട് ആര്‍ത്തലച്ചെത്തുന്നത് പതിവാകുമ്പോഴും നാട്ടുകാരുടെ ദുരിത്തത്തിന് ശാശ്വതമായ അറുതിയുണ്ടാക്കാന്‍ ഉത്തരവാദിത്തമുള്ള ജനപ്രതിനിധികള്‍ക്ക് നാളിതുവരെയും കഴിഞ്ഞിട്ടില്ല. കടല്‍ ഭിത്തി മാത്രമാണ് ഇവര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ള ഏക പരിഹാര മാര്‍ഗം. ഇക്കാലമത്രയും സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കടല്‍ ഭിത്തിക്ക് കടപ്പുറം പഞ്ചായത്തിലെ കടല്‍ ക്ഷോഭത്തെ തടുക്കാനായിട്ടില്ലെന്നതാണ് വാസ്തവം. ഓരോ പ്രവാശ്യവും കടല്‍ ഭിത്തി തകരുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് അടുത്ത വര്‍ഷമായിരിക്കും. അതിനിടയില്‍ വീണ്ടും കടലാക്രമണമുണ്ടാകുകയും കടല്‍ ഭിത്തി തകരുകയും ചെയ്യുകയാണ് പതിവ്. ഇതാണ് കടപ്പുറത്തിന്‍റെ മൊത്തത്തിലുള്ള സ്ഥിതി. കടല്‍ ഭിത്തിയില്ലാത്ത ഭാഗത്ത് കടല്‍ കൂടുതല്‍ അപകടകാരിയായിത്തീരാറുണ്ട്. ചെറുവഞ്ചിക്കാര്‍ക്ക് കടലില്‍ പോയി വരാനും വഞ്ചി കയറ്റിയിറക്കാനുമാണ് ഇങ്ങനെ ഇടക്കിടെ സ്ഥലം ഒഴിച്ചിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേലിയേറ്റം ഏറെ ദുരിതമുണ്ടാക്കിയത് ഈ വഞ്ചികളുടേയും വലകളുടേയും ഉടമസ്ഥര്‍ക്കാണ്.

കടല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ അധികാരപ്പെട്ടവര്‍ സംസ്ഥാന ജലസേചന വകുപ്പാണ്. എന്നാല്‍ കടല്‍ ഭിത്തി നിര്‍മ്മാണം പലര്‍ക്കും കറവപ്പശുവാണ്. കൈ നനയാതെ മീന്‍ പിടിക്കാനാവുന്ന എളുപ്പ വിദ്യയാണിത്. വര്‍ഷാവര്‍ഷം ഇവരിടുന്ന ഓരോ കല്ലും പില്‍കാലത്ത് കടലിലേക്കെറിയുന്ന പാഴ് വസ്തുപോലെയാവുകയാണ്. കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രാദേശിക തലത്തില്‍ ഒരു മോണിറ്ററിങ് കമ്മിറ്റിയില്ലാത്തതിനാല്‍ എത്ര ലോഡ് കല്ല് വന്നുവെന്നോ ഏതൊക്കെ തരത്തിലുള്ള കല്ലുകളാണിവയെന്നോ ഒന്നും ആര്‍ക്കുമറിയില്ല. കടപ്പുറത്ത് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീടുകള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കുമെന്നപോലെ ഭൂമിയില്‍ ശക്തമായ അടിത്തറയുണ്ടാക്കാന്‍ പലപ്പോഴും ശ്രമിക്കാത്തതാണ് മണ്ണൊലിപ്പിലൂടെ ഭിത്തികള്‍ തകരുന്നത്. എന്നാല്‍ ഇപ്പോള്‍ മുകളിലെ കല്ലുകളും തകര്‍ന്നു വീഴാന്‍ തുടങ്ങിയിട്ടുണ്ട്. നിര്‍മ്മാണത്തിലുള്ള അപാകതകളാണ് പലപ്പോഴും കടല്‍ ഭിത്തി തകരാല്‍ കാരണമാകുന്നത്.

ആയിരക്കണക്കിനു വീടുകള്‍ തകര്‍ത്തുകളഞ്ഞ കടലാക്രമണങ്ങളില്‍ ബാക്കിയായ കുടുംബങ്ങള്‍ ഇനിയും ഇവിടെ താമസിക്കുന്നുണ്ട്. ഒന്നിനു പുറകെ ഒന്നായി ഇടതടവില്ലാതെ സംരക്ഷണ ഭിത്തിയില്‍ അടിച്ചുയരുന്ന തിരമാലകളുടെ ഭീകര ശബ്ദം കേട്ട് പലപ്പോഴും ഉറങ്ങാനാവാതെ കഴിയുന്ന കുടുംബങ്ങള്‍.
കടപ്പുറം പഞ്ചായത്തിലെ കടലാക്രമണത്തെ കുറിച്ച് പഠിക്കാനും ശാസ്ത്രീയമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള സംഘടിത ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്പതാണ്ടോളമായി തുടരുന്ന രൂക്ഷമായ കടലാക്രമണത്തിനു കഴിഞ്ഞ നാല് വര്‍ഷത്തോളമായി കുറവ് വന്നതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. മുനക്കക്കടവ് അഴിമുഖത്ത് നിര്‍മ്മിച്ച രണ്ട് പുലിമുട്ടുകളാണ് ഇപ്പോഴത്തെ സമാധാനത്തിനുള്ള കാരണമെന്നാണ് മുനക്കകടവ് പൌരസമിതി പ്രസിഡണ്ട് ഷറഫുദ്ധീന്‍, കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.വി ഉമര്‍കുഞ്ഞി, മത്സ്യത്തൊഴിലാളികളില്‍ പഴയ തലമുറയില്‍ പെട്ട ആനന്ദവാടിയിലെ കോളഞ്ഞാട്ടിയില്‍ കൃഷണന്‍കുട്ടി (60) എന്നിവര്‍ പറയുന്നത്.

ബ്ളാങ്ങാട് ബീച്ച് മുതല്‍ മുനക്കക്കടവ് അഴിമുഖം വരേയുള്ള എട്ട് കിലോമീറ്ററില്‍ ഓരോ അരക്കിലോമീറ്ററിലും ഇടവിട്ട് കടലിലേക്ക് 150 മീറ്റര്‍ ദൂരത്തില്‍ പുലിമുട്ട് നിര്‍മ്മിച്ചാല്‍ കടലാക്രമണം പൂര്‍ണ്ണമായി പരിഹരിക്കാനാകൂമെന്നാണ് ഇവരുടെ പക്ഷം. മുമ്പ് തമിഴ് നാട്ടിലെ ഐ.ഐ.ടിയില്‍ നിന്നുള്ള സംഘം മേഖല പരിശോധിച്ച് നിര്‍ദ്ദേശിച്ചതും പുലിമുട്ടായിരുന്നുവെന്നു ഉമര്‍കുഞ്ഞി ഓര്‍ക്കുന്നു. സംസഥാനത്ത് ഏറ്റവും വലിയ പുലിമുട്ടുകളില്‍ രണ്ടാമത്തേതാണ് മുനക്കക്കടവിലെ പുലിമുട്ടുകള്‍. അഴിമുഖത്തെ രണ്ട് കരകളില്‍ നിന്നായാണ് ഈ പുലിമുട്ടുകളുള്ളത്. കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ നിന്നായുള്ള ഈ പുലിമുട്ടുകള്‍ക്ക് 515, 394 മീറ്റര്‍ നീളമാണ് നിര്‍മ്മാണം പൂര്‍ത്തിയായാലുണ്ടാവുക. കടപ്പുറം പഞ്ചായത്തില്‍ നിന്നുള്ള പുലിമുട്ട് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും രണ്ടാമത്തേത് നേര്‍ പടിഞ്ഞാറ് ഭാഗത്തേക്കും നീട്ടിയാണ് കെട്ടിയിരിക്കുന്നത്. ആര്‍ത്തലച്ചു വരുന്ന കൂറ്റന്‍ തീരമാലകള്‍ ഏറെ അകലെ നിന്നു തന്നെ പുലമിട്ടുകളില്‍ തട്ടിത്തകര്‍ന്ന് ശക്തി ക്ഷയിച്ചാണ് കരയിലേക്കത്തെുക.

നാട്ടിലെ കടലാക്രമണ ദുരിതത്തിന് കടല്‍ ഭിത്തികള്‍ പരിഹാരമല്ലെന്ന തിരിച്ചറവില്‍ നിന്നാണ് ഷറഫുദ്ധീന്‍ മുനക്കക്കടവും കൂട്ടുകാരും 1990ല്‍ പൗരസമിതി രൂപവത്ക്കരിച്ച് പുലിമുട്ട് നിര്‍മ്മാണമാവശ്യപ്പെട്ട് രംഗത്തിറങ്ങിയത്. നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ 2006ല്‍ സുനാമി വാര്‍ഷിക ദിനത്തില്‍ തീരമേഖലയിലെ മുഴുവന്‍ നാട്ടുകാരേയും പുലിമുട്ട് ആവശ്യമുന്നയിച്ച് തെരുവിലിറക്കാന്‍ ഇവര്‍ക്കായതോടെയാണ് അധികാരികള്‍ കണ്ണു തുറന്നത്. അന്നത്തെ തൃശൂര്‍ എം.പി സി.കെ ചന്ദ്രപ്പന്‍, കെ,വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ തുടങ്ങിയവര്‍ പുലിമുട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങി. പുലിമുട്ട് നിര്‍മ്മാണം ഇടത് മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനമാക്കിയതും ചരിത്രമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചത്. ഇത്തരത്തിലുള്ള പുലിമുട്ടുകള്‍ ഇനിയുമുണ്ടെങ്കിലേ കടപ്പുറത്തെ ദുരിതത്തിന് അറുതിയുണ്ടാവൂ. അതിന് ജനപ്രതിനിധികളും നാട്ടുകാരും ഒരു വട്ടം കൂടി ഒരുങ്ങേണ്ടതായി തന്നെ വരും. ബ്ളാങ്ങാട് വിട്ടാല്‍ വടക്ക് മലപ്പുറം ജില്ലയിലെ അതിര്‍ത്തിയായ കാപ്പിരിക്കാടാണ് കടല്‍ ഭിത്തിയുള്ളത്.

കടല്‍ ക്ഷോഭ മേഖലയില്‍ ഇടക്കിടെ ഇത്തരം പുലിമുട്ടുകള്‍ നിര്‍മ്മിച്ചാല്‍ കടലിന് സമാന്തരമായുള്ള ഭിത്തി കെട്ടലും അതിന്‍റെ പാഴ് ചെലവും അവസാനിപ്പാക്കാം. മാത്രമല്ല തിരുവത്ര, എടക്കഴിയൂര്‍ മേഖലകളില്‍ നിന്ന് വഞ്ചിയിറക്കി മീന്‍പിടിക്കുന്ന തൊഴിലാളികള്‍ക്കും ആ മേഖലകളില്‍ കടലാക്രമണ ഭീതിയില്ലാതെ ജീവിക്കാനാകുമെന്നാണ് ശറഫുദ്ധീന്‍ പറയുന്നത്.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/pulimuttu-construction-1.jpg” alt=”പുലിമുട്ട് നിര്‍മ്മാണം (ഫയല്‍ )” title_text=”പുലിമുട്ട് നിര്‍മ്മാണം (ഫയല്‍ )” show_in_lightbox=”on” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/temple-covered-by-sea.jpg” title_text=”കടലെടുത്ത കുടുംബ ക്ഷേത്രം – മുനക്കകടവില്‍ നിന്നുള്ള ചിത്രം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചിത്രങ്ങള്‍ : എന്‍ ഉബൈദ് 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.