ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 19,101 പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്ത് – ജില്ലയിൽ നിന്ന് രണ്ടര ലക്ഷം

ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും 19,101 പേരാണ് കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ജില്ലയിൽ ആകെ 2,47,731 പേരാണ് പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്.

വോട്ടുചോരിയിലേക്ക് വെളിച്ചം വീശുന്ന തെളിവുകൾ കേരളത്തിൽ നേരത്തെ പുറത്തുവന്നത് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ്. തൃശൂർ നഗരത്തിലെ കൂട്ട വോട്ടുകളും അയൽ ജില്ലകളിൽ നിന്നുവന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാരായി ചേർന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിൽ തൃശൂർ എം.പി സുരേഷ് ഗോപിയുടെ ബന്ധുക്കൾ മുതൽ മലപ്പുറം ജില്ലയിലെ ബി.ജെ.പി നേതാക്കൾ വരെയുണ്ടായിരുന്നു. ഹരിയാനയിൽ നടന്ന വോട്ടുകൊള്ളയിൽ ഏറ്റവുമധികം കള്ളവോട്ട് രേഖപ്പെടുത്തിയത് ബൾക് വോട്ടർമാർ അഥവാ ഒരു വീട്ടുനമ്പറിലെ കൂട്ടവോട്ടർമാർ-വഴിയായിരുന്നു: 19.26 ലക്ഷം വോട്ട്. ഇതേ മാതൃകയാണ് തൃശൂരിലും പരീക്ഷിക്കപ്പെട്ടത്. അവരെല്ലാം എസ്.ഐ.ആർ വന്നപ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയോ അജ്ഞാതരായി പരിണമിക്കുകയോ ചെയ്തുവെന്നാണ് എ.എസ്.ഡി പട്ടികയിൽനിന്ന് വ്യക്തമാകുന്നത്.തൃശൂർ അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയ ബൂത്ത് നമ്പർ 29ൽ 337 വോട്ടാണ് എസ്.ഐ.ആറിൽ നീക്കിയത്. ഇതിൽ 329 വോട്ടർമാരും അജ്ഞാതരാണ് (untraceable). 97.62 ശതമാനം. ബൂത്ത് നമ്പർ 53ൽ ഒഴിവാക്കിയത് 302 വോട്ട്. ഇതിൽ 102 പേർ അജ്ഞാതർ. 157 പേർ എസ്.ഐ. ആറിൽ പങ്കെടുക്കാൻ വിസമ്മതിച്ചവരും (refused)! ഈ രണ്ട് വിഭാഗവും ചേർന്നാൽ 85.76 ശതമാനമായി. ഒരൊറ്റ വാർഡിൽനിന്ന് 157 പേർ എസ്.ഐ.ആറിനെ നിരാകരിക്കുന്നുവെങ്കിൽ അതും സവിശേഷമായി പരിശോധിക്കേണ്ട വിഷയമാണ്. പക്ഷേ, ശക്തി കേന്ദ്രമായിട്ടും ഇത്രയും പേരെ പുറത്താക്കിയതിനെതിരെ ബി.ജെ.പി നേതൃത്വം-പാലക്കാട്ടെയും തൃശൂരിലെയും-ഒരക്ഷരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായി വോട്ട് ലഭിച്ച മിക്ക ബൂത്തുകളിലും വലിയ തോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 150 മുതൽ 350 വോട്ടർമാർ വരെ നീക്കം ചെയ്യപ്പെട്ട ബി.ജെ.പി ശക്തികേന്ദ്രങ്ങളുണ്ട്. എന്നാൽ, തൃശൂർ അസംബ്ലി മണ്ഡലത്തിലെ എൽ.ഡി.എഫോ യു.ഡി.എഫോ ലീഡ് ചെയ്ത ബൂത്തുകളിൽ പലതിലും നൂറിൽ താഴെ വോട്ടർമാർ മാത്രമാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. റാൻഡം പരിശോധന നടത്തിയ 20, 21, 22 വാർഡുകൾ ഇതിനുദാഹരണമാണ്. ഇവിടെ 40 മുതൽ 95 വരെ വോട്ടുകളാണ് ഒഴിവാക്കപ്പെട്ടത്. ഇതിൽ തന്നെ അജ്ഞാതർ 3-7 പേർ മാത്രം. മറ്റു സ്ഥലങ്ങളിലേക്ക് വോട്ട് മാറ്റിയവരാണ് ഇതിൽ ഭൂരിഭാഗവും.ബി.ജെ.പിയിതര പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ അജ്ഞാത വോട്ടർമാർ കുറയുന്നുവെന്നതാണ് കണക്കുകളിൽ കാണുന്ന മറ്റൊരു പ്രവണത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച തൃശൂർ മണ്ഡലത്തിൽ ബി.ജെ.പിക്ക് ലീഡ് ലഭിക്കാതിരുന്ന ഏക നിയമസഭാ മണ്ഡലം ഗുരുവായൂരാണ്. ഗുരുവായൂർ മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം നൽകിയ ബൂത്തുകളിൽ അജ്ഞാത വോട്ടർമാർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. 172 വോട്ടർമാരെ നീക്കം ചെയ്ത 157ാം നമ്പർ ബൂത്തിൽ തിരിച്ചറിയാനാകാത്ത വോട്ടർമാർ വെറും രണ്ടുപേർ മാത്രം. മറ്റൊരു ബൂത്തിൽ നാലുപേർ
എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെയാണ് പരാതി നൽകാനുള്ള സമയം. പട്ടികയിൽ നിന്ന് പുറത്തായവർ ഫോം 6 വഴി ഓൺലൈനായോ (voters.eci.gov.in) ബി.എൽ.ഒ (BLO) മുഖേനയോ അപേക്ഷിക്കാം. ഇവർക്ക് പുതിയ വോട്ടർ നമ്പറാണ് ലഭിക്കുക. പരാതികളും അപേക്ഷകളും പരിഗണിച്ച ശേഷം ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
( ജില്ലാ കളക്ടർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് പുറത്തുപോയവരുടെ കണക്കുകൾ)

Comments are closed.